എസ്.കെ. ജന്മശതാബ്ദി ആഘോഷത്തിന് ഉജ്ജ്വല തുടക്കം
കോഴിക്കോട്:മഹാസാഹിത്യകാരന്‍ എസ്.കെ. പൊറ്റെക്കാട്ടിന് പ്രണാമങ്ങളുമായി മാതൃഭൂമിയുടെ എസ്.കെ. ജന്മശതാബ്ദി ആഘോഷത്തിന് മഹാനായ സഞ്ചാരിയുടെ പ്രിയനഗരത്തില്‍ പ്രൗഢഗംഭീരമായ തുടക്കം.
എസ്.കെ. യുടെ തട്ടകം കാണാന്‍ യുക്രൈനില്‍ നിന്ന് എത്തിയ റഷ്യന്‍ സാഹിത്യകാരന്‍ ആന്ദ്രേ കുര്‍ക്കോവ് 'സഞ്ചാരിയുടെ നൂറു വര്‍ഷങ്ങള്‍' എന്ന് പേരിട്ട ആഘോഷങ്ങള്‍ക്ക് വിളക്കുകൊളുത്തി തുടക്കമിട്ടു.
എസ്.കെ. യുടെ കൃതികള്‍ മറ്റു രാജ്യങ്ങളിലെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ അതില്‍ മൂലഭാഷ മലയാളം എന്നു രേഖപ്പെടുത്തപ്പെട്ടു. അത്രയും ഭാഷകളിലേക്ക് അങ്ങനെ മലയാളത്തിന്റെ സാധ്യതകള്‍ എത്തുകയും ചെയ്തു.
ബിഥോവന്റെ സിംഫണിപോലെ സംഗീതാത്മകമാണ് മലയാളം. യുക്രൈന്‍ ഭാഷയില്‍ 27 അക്ഷരങ്ങളാണുള്ളത്. എന്നാല്‍, ഇവിടെ 51 അക്ഷരങ്ങളുണ്ട്. ഈ ഭാഷ അത്രമാത്രം കൂടുതല്‍ സമ്പന്നവും സംഗീതാത്മകവുമാണ് എന്നാണ് അതിനര്‍ഥം കുര്‍ക്കോവ് പറഞ്ഞു.
എസ്.കെ.പൊറ്റക്കാട് (1913 മാര്‍ച്ച് 14- 1982 ഓഗസ്റ്റ് 6)
മലയാള നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനും കവിയും ആയ എസ്.കെ.പൊറ്റക്കാടിന്റെ യഥാര്‍ത്ഥ നാമം ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റക്കാട്.
അദ്ദേഹത്തിന്റെ ഒരു ദേശത്തിന്റെ കഥ എന്ന നോവലിന് 1980-ല്‍ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.
1939-ല്‍ എസ്.കെ.നടത്തിയ യാത്രയില്‍ നിന്നാണ് പില്ക്കാലത്ത് അദ്ദേഹത്തിന്റെ കീര്‍ത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങള്‍ ആരംഭിക്കുന്നത്.
1928-ലാണ് ആദ്യത്തെ കഥ പ്രസിദ്ധീകരിക്കുന്നത്. സാമൂതിരി കോളേജുമാഗസീനില്‍ വന്ന രാജനീതി എന്ന കഥയാണ് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്.
ഒരു തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(1962), ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(1973), സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ്(1977) ജ്ഞാനപീഠ പുരസ്‌കാരം (1980) എന്നിവ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനയക്ക് ലഭിച്ച അംഗീകാരങ്ങളാണ്. കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദിരിച്ചു.
1939-ല്‍ പ്രസിദ്ധീകരിച്ച നാടന്‍ പ്രേമമാണ് പൊറ്റക്കാടിന്റെ ആദ്യ നോവല്‍. 1940-ല്‍ മലബാറിലേയ്ക്കുള്ള തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ച്ചാത്തലത്തില്‍ വയനാടിന്റെ കഥ പറയുന്ന വിഷകന്യക പ്രസിദ്ധീകരിച്ചു. മദിരാശിസര്‍ക്കാറിന്റെ പുരസ്‌കാരം ഈ നോവലിന് ലഭിച്ചു.
പ്രധാന കൃതികള്‍
നോവലുകള്‍ - വല്ലികാ ദേവി, മൂടുപടം, വിഷകന്യക, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ...
ചെറുകഥകള്‍ - ചന്ദ്രകാന്തം, നിശാഗന്ധി, ജലതരംഗം, ഹിമവാഹിനി, യവനികയ്ക്കു പിന്നില്‍ എഴിലംപാല, തെരഞ്ഞെടുത്ത കഥകള്‍, വൃന്ദാവനം, കാട്ടുചെമ്പകം, അന്തകന്റെ തോട്ടി, മലയാളത്തിന്റെ ചോര ...
യാത്രാവിവരണം - കശ്മീര്‍, യാത്രാസ്മരണകള്‍, കാപ്പിരികളുടെ നാട്ടില്‍, നൈല്‍ ഡയറി, ഇന്നത്തെ യൂറോപ്പ്, ഇന്തോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബാലിദ്വീപ്, നേപ്പാള്‍ യാത്ര, ലണ്ടന്‍ നോട്ട് ബ്ക്കു, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ...