ഇന്ത്യയുടെ രാഹി സര്ണോബാത്തിന് ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണം.
ചാങ്വോണ്‍ (കൊറിയ): പിസ്റ്റള്‍ ഇനത്തില്‍ ലോകകപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി രാഹി സര്ണോബത്തിന്. കൊറിയയിലെ ചാങ്വോണില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ 25 മീറ്റര്‍ സ്പോര്‍ട്സ് പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് രാഹി ചരിത്രംകുറിച്ചത്. കൊറിയയുടെ ക്യോന്ഗായെ കിമ്മിനെ 8-6ന് പിന്തള്ളിക്കൊണ്ടാണ് രാഹി ഈ നേട്ടംകൊയ്തത്.
അഞ്ജലി ഭഗവത്, ഗഗന് നരംഗ്, സഞ്ജീവ് രാജ്പുത്ത്, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, റോഞ്ജന്‍ സോധി, മാനവ്ജിത്ത് സിംഗ് സന്ധു എന്നിവരാണ് രാഹിക്കു മുമ്പ് ലോകകപ്പില്‍ സ്വര്‍ണം നേടിയിട്ടുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഇവരെല്ലാം റൈഫിള്‍ ഇനത്തിലാണ് സ്വര്‍ണം നേടിയത്.
രാഹിക്കൊപ്പം മത്സരത്തിനിറങ്ങിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് അനിസ സയിദ് 21-ാം സ്ഥാനത്തും ദേശീയ ചാമ്പ്യന്‍ സുഷമ സിംഗ് 25-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.