മലയാളിയുടെ ടിന്റുമോന് ലോകമെങ്ങും കൂട്ടുകാര്‍


വാഷിങ്ടണ്‍: ആഗോള മലയാളിയുടെ പുതിയ ഹാസ്യ സൂപ്പര്‍സ്റ്റാര്‍ ടിന്റുമോന് വിവിധ ലോകരാജ്യങ്ങളില്‍ സമാന സ്വഭാവമുള്ള കൂട്ടുകാര്‍. കൊച്ചുവായില്‍ വലിയ വര്‍ത്തമാനം പറയുന്ന ഇത്തരം കുട്ടിക്കഥാപാത്രങ്ങള്‍ വിവിധ വിദേശ നാടുകളില്‍ ഏറെ പ്രശസ്തരാണ്. അമേരിക്കയിലും ഇംഗ്ലണ്ടിലും വര്‍ഷങ്ങളായി വന്‍ ജനപ്രീതിയുള്ള ലിറ്റില്‍ജോണിയാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍.

മിക്കപ്പോഴും അല്‍പം വഷളന്‍ തമാശകള്‍ പറയുന്ന ജോണിയെ അക്കാരണത്താല്‍ തന്നെ ലിറ്റില്‍ ഡേര്‍ട്ടി ജോണി (വഷളന്‍ ജോണി) എന്നും വിശേഷിപ്പിക്കാറുണ്ട്. മലയാളത്തില്‍ ടിന്റുമോനെപ്പോലെ ഇംഗ്ലീഷില്‍ ജോണിയുടെ പിറവിയും തര്‍ക്കവിഷയമാണ്. 'ജോണി ജോണി യെസ് പപ്പാ..., റെയിന്‍ റെയിന്‍ ഗോ എവെ... തുടങ്ങി നിരവധി നഴ്‌സറി ഗാനങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അതേ ലിറ്റില്‍ ജോണിയാണ് പിന്നീടെന്നോ തമാശക്കാരനായ കുസൃതിക്കുട്ടിയായി മാറിയതെന്ന് ഈ വിഷയത്തില്‍ പഠനം നടത്തിയവര്‍ പറയുന്നു. ജോണി തമാശകള്‍ക്കായി നൂറുകണക്കിന് വെബ്‌സൈറ്റുകളുണ്ട്.

തെക്കുപടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ സ്‌പെയിനില്‍ ലിറ്റില്‍ജോണിക്ക് 'ജെയ്മിറ്റോ' എന്നാണ് പേര്. ക്യൂബ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലും ജെയ്മിറ്റോ എന്ന കുരുത്തംകെട്ട ചെക്കന്റെ ഫലിതങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്റില്‍ 'പിക്കുകാലേ' എന്നാണ് തമാശക്കുട്ടിയുടെ പേര്. 1970 കളിലാണ്  ഈ കഥാപാത്രം പ്രചാരം നേടുന്നത്.

ബ്രസീലില്‍ 'ലിറ്റില്‍ ജോവാ' എന്ന കുട്ടിക്കഥാപാത്രവും ടിന്റുമോനെപ്പോലെ കിടിലന്‍ തമാശകള്‍ പറയുന്നവനാണ്. ഫ്രാന്‍സ് അടക്കം പല രാജ്യങ്ങളിലും പ്രചാരമുള്ള 'ടോട്ടോ'യും കുസൃതിക്കാരനായ സ്‌കൂള്‍ കുട്ടിയാണ്. മധ്യ യൂറോപ്പിലെ ചെക്‌റിപ്പബ്ലിക്കില്‍ 'പെപിക്' എന്നും സെര്‍ബിയയിലും ക്രൊയേഷ്യയിലും 'പെരിക്കാ' എന്നും റുമേനിയയില്‍ 'ബുലാ' എന്നും അറിയപ്പെടുന്ന കഥാപാത്രങ്ങളും ടിന്റുമോന്റെ വിദേശ പതിപ്പുകളാണ്.

റഷ്യയില്‍ സ്‌കൂള്‍ടീച്ചറുടെ ചോദ്യങ്ങള്‍ക്കെല്ലാം തലതെറിച്ച ഉത്തരം പറയുന്ന 'വൊവോഷ്‌ക' കമ്യൂണിസ്റ്റ് ഭരണകാലം മുതല്‍ പ്രശസ്തനാണ്. ജര്‍മനിയില്‍ 'ലിറ്റില്‍ ഫ്രിറ്റ്‌സ്' എന്നും നെതര്‍ലന്റ്‌സില്‍ 'ജാന്‍' എന്നും അറിയപ്പെടുന്ന കുട്ടികളും തമാശകളിലൂടെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ പറയുന്നവരാണ്. ഇറ്റലിയില്‍ 'പിയറെ' എന്ന കുട്ടി കഥാപാത്രം പതിനേഴാം നൂറ്റാണ്ടു മുതല്‍ പ്രശസ്തനാണ്.  മലയാളത്തിലെ ടിന്റുമോനെപ്പോലെ ഇവരുടെയെല്ലാം പിറവി അജ്ഞാതമാണ്.

ചരിത്രത്തിലെ ഒരു സവിശേഷ കാലഘട്ടത്തില്‍ സാമൂഹികാവസ്ഥകളോടുള്ള ജനങ്ങളുടെ പരിഹാസം പ്രതിഫലിപ്പിക്കാനായി രൂപപ്പെടുന്ന ഇത്തരം സാങ്കല്‍പ്പിക ഹാസ്യ കഥാപാത്രങ്ങള്‍ ഇന്ന് നരവംശ, സാമൂഹ്യ ശാസ്ത്രജ്ഞരുടെ പഠനവിഷയമാണ്. കേരളത്തിലും ടിന്റുമോനെക്കുറിച്ച് ഇതിനകം പഠനങ്ങള്‍ വന്നുകഴിഞ്ഞു. വികൃതികളായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ഏറെയുണ്ടെങ്കിലും അവര്‍ക്കൊന്നുമില്ലാത്ത പ്രചാരമാണ് ഈ അജ്ഞാത വികൃതികള്‍ നേടുന്നത്. ബ്രിട്ടനില്‍ തോംസണ്‍ കമ്പനി സൃഷ്ടിച്ച ഡെന്നിസ് ദ മൈനസ്, അമേരിക്കയിലെ ആര്‍ച്ചി കോമിക്‌സ് കമ്പനിയുടെ ലിറ്റില്‍ ആര്‍ച്ചി, മലയാളത്തില്‍ ടോംസിന്റെ ബോബന്‍, മോളി, ഉണ്ണിക്കുട്ടന്‍ തുടങ്ങി വികൃതികുട്ടികളായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അനവധി ഉണ്ട്.

വ്യക്തമായ രൂപവും രചയിതാവും പകര്‍പ്പവകാശവുമുള്ള ഇവരില്‍ നിന്ന് ഏറെ വ്യത്യസ്തരാണ് എവിടെനിന്നോ പ്രത്യക്ഷരായി പ്രശസ്തരായ ടിന്റുവും ലിറ്റില്‍ജോണിയുമൊക്കെ.



 

Read More

ബ്രിട്ടനില്‍ അഞ്ചാം വയസില്‍ ലൈംഗിക വിദ്യാഭ്യാസം തുടങ്ങുന്നു


ലണ്ടന്‍: കുട്ടികള്‍ക്ക് ലൈംഗികവിദ്യാഭ്യം നല്‍കുന്നത് നേരത്തേയാക്കാന്‍ ബ്രിട്ടന്‍ ആലോചിക്കുന്നു. അഞ്ചുവയസ്സുമുതല്‍ ലൈംഗികവിദ്യാഭ്യാസം നല്‍കിത്തുടങ്ങാമെന്നാണ് ആരോഗ്യനിരീക്ഷികരായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലിനിക്കല്‍ എക്‌സലന്‍സ് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കൗമാരക്കാര്‍ക്കിടയില്‍ ഗര്‍ഭധാരണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം.
ലൈംഗിക രോഗങ്ങള്‍, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, കൗമാരപ്രായത്തില്‍ ഗര്‍ഭം ധരിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആദ്യ ലൈംഗികബന്ധത്തിന് മുമ്പുതന്നെ കുട്ടികളെ പറഞ്ഞുമനസ്സിലാക്കുന്നത് വളരെ നേരത്തേയുള്ള ലൈംഗികബന്ധവും അതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അധികൃതരുടെ നിരീക്ഷണം.
ബ്രിട്ടണില്‍ ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമല്ല. ലൈംഗിക വിദ്യാഭ്യാസം നല്‍കുന്ന ക്ലാസില്‍ കുട്ടികളെ ഇരുത്തേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം രക്ഷകര്‍ത്താക്കള്‍ക്കാണുതാനും. പടിഞ്ഞാറന്‍ യൂറോപ്പില്‍ കൌമാര ഗര്‍ഭ നിരക്ക് ഏറ്റവും കൂടുതല്‍ ബ്രിട്ടണിലാണ്. പതിനെട്ട് വയസ്സിനു താഴെയുള്ള ശരാശരി 40,000 പെണ്‍കുട്ടികളാണ് എല്ലാ വര്‍ഷവും ബ്രിട്ടണില്‍ ഗര്‍ഭിണികളാവുന്നത്.

 

Read More

ലാറി കിങ് ലൈവ് ഷോ അവസാനിപ്പിക്കുന്നു (CNN Larry King Ending Show After 25years)


ന്യൂയോര്‍ക്ക്: 25വര്‍ഷമായി സിഎന്‍എന്‍ ചാനലില്‍ പ്രദര്‍ശിപ്പിച്ചുവന്നിരുന്ന ലാറി കിങ് ലൈവ് ഷോ അവസാനിപ്പിക്കുന്നു. ജനപ്രീതി കുറഞ്ഞതിനെത്തുടര്‍ന്നാണ് പ്രശസ്ത ടിവി അവതാരകന്‍ ലാറി കിങ് താന്‍ വര്‍ഷങ്ങളായി അവതരിപ്പിച്ചു പോന്ന ഷോ അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ആറു മാസമായി പരിപാടിയുടെ റേറ്റിങ് വളരെയധികം താഴേക്കു പോയിരുന്നു. 25 വര്‍ഷത്തിനിടെ ലാറി കിങ് ഏകദേശം 40,000 പേരെയാണ് അഭിമുഖം ചെയ്തത്. ലാറി കിങ് ലൈവ് ഏറ്റവും കൂടുതല്‍ കാലം ഒരേ അവതാരകന്‍ അവതരിപ്പിച്ച ടിവി പരിപാടിയെന്ന പേരില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയിട്ടുണ്ട്. പരിപാടി നിര്‍ത്തുന്നത് ലാറി കിങ്ങിന്റെ സ്വന്തം തീരുമാനമാണെന്നും ചാനലിന് അതില്‍ പങ്കില്ലെന്നും ചാനല്‍ അധികൃതര്‍ വ്യക്തമാക്കി.
ഇനി കൂടുതല്‍ സമയം കുടുംബത്തിനൊപ്പം ചെലവഴിക്കുമെന്ന് ലാറി പറഞ്ഞു. അടുത്തയിടെ ലാറി തന്റെ ഏഴാം ഭാര്യയുമായുള്ള വിവാഹബന്ധം ഒഴിയുന്നതിന്റെ വക്കിലെത്തിയെങ്കിലും പിന്നീട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

 

Read More

റസൂല്‍ പൂക്കുട്ടി ഓസ്‌കാര്‍ നോമിനേഷന്‍ കമ്മിറ്റിയിലേക്ക് (Rasool Pookutty Elected to Oscar Award Committee)


തിരുവനന്തപുരം: ശ്ബദമിശ്രണത്തിന് ഓസ്‌കര്‍ അവാര്‍ഡ് നേടി മലയാളികളുടെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടിക്ക് വീണ്ടും അര്‍ഹതയുടെ  അംഗീകാരം. ഇക്കുറി ഓസ്‌കര്‍ പുരസ്‌കാരനിര്‍ണ്ണയ കമ്മിറ്റിയിലേയ്ക്കാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യക്കാരനാണ് അദ്ദേഹം.
പുരസ്‌കാര ജേതാവ് എ.ആര്‍ റഹ്മാനും കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങളില്‍ നിന്ന് പുരസ്‌കാരത്തിനര്‍ഹമായവ കണ്ടെത്തി വോട്ട് രേഖപ്പെടുത്താനുള്ള അധികാരമാണ് കമ്മിറ്റി അംഗങ്ങള്‍ക്കുള്ളത്.
അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ ഇക്കഴിഞ്ഞ വാര്‍ഷിക യോഗത്തിലാണ് തീരുമാനമുണ്ടായത്. ഓസ്‌കര്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സന്തോഷം പുതിയ അംഗീകാരം ലഭിച്ചപ്പോഴുണ്ടെന്ന് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചു.
ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രവര്‍ത്തകരില്‍ നിന്ന് പ്രമുഖരായ 135 പേര്‍ക്കാണ് ഈ വര്‍ഷം അക്കാദമി അംഗത്വം ലഭിച്ചത്. ശബ്ദമിശ്രണവുമായി ബന്ധപ്പെട്ട് റസൂലിനൊപ്പം അക്കാദമിയിലേക്ക് ക്ഷണം ലഭിച്ചവരില്‍ ടോണി ലാംബെര്‍ട്ടി (ഇന്‍ ഗ്ലോറിയസ് ബാസ്റ്റര്‍ഡ്‌സ്), ടോം മെയെഴ്‌സ് (അപ്പ്), ഫ്രാങ്ക് യുള്‍നര്‍ (അയണ്‍മാന്‍2) തുടങ്ങി 10 പ്രമുഖ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്നു. സെപ്റ്റംബറില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ അംഗങ്ങളെ അക്കാദമിയിലേക്ക് ഔപചാരികമായി സ്വാഗതം ചെയ്യും.
സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിനാണ് റസൂലിന് 2009ല്‍ ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കുന്നത്. അതേ വര്‍ഷം തന്നെ റസൂലിന് ശ്രീശങ്കാരാചാര്യ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചിരിന്നു. 2010ല്‍ ഭാരത സര്‍ക്കാര്‍ പദ്മശ്രീയും നല്‍കി.

 

Read More

യു.എസ് ആസ്ഥാന കവിയാവാന്‍ മെര്‍വിന്‍ (Author WS Merwin appointed as US Poet Laureate)


വാഷിങ്ടണ്‍: അമേരിക്കയുടെ പതിനേഴാമത് ആസ്ഥാന കവിയായി പ്രമുഖ സാഹിത്യകാരന്‍ വില്യം എസ്. മെര്‍വിന്‍ നിയമിതനാവും. യു.എസ് ലൈബ്രറി കോണ്‍ഗ്രസാണ് ഹവായിയില്‍ ഏകാന്ത ജീവിതം നയിക്കുന്ന ഈ 82കാരന്റെ പേര് പ്രഖ്യാപിച്ചത്. 1972ല്‍ ജനിച്ച മെര്‍വിന്‍ രണ്ടുതവണ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. 30ലേറെ കവിതകള്‍ പ്രസിദ്ധീകരിച്ചു.
വിയറ്റ്‌നാം അടക്കമുള്ള യുദ്ധങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്ന മെര്‍വിന്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഏറെയും എഴുതിയത്.  1960കള്‍ മുതല്‍ കവിതയില്‍നിന്ന് ചിഹ്നങ്ങള്‍ ഒഴിവാക്കിയ മെര്‍വിന്‍ വര്‍ഷങ്ങളായി ഹവായിയിലെ തോട്ടത്തില്‍ ശാന്തമായ ജീവിതം നയിക്കുകയാണ്. യു.എസ് ലൈബ്രറി കോണ്‍ഗ്രസ് 1985ലാണ് ആസ്ഥാന കവി പദവി ഏര്‍പ്പെടുത്തിയത്. രണ്ടുവര്‍ഷം വരെയാണ് കാലാവധി.


 

Read More

ചരിഞ്ഞ ഗോപുരം എന്നാല്‍ ഇനി പിസയല്ല; ക്യാപിറ്റല്‍ ഗേറ്റാണ്


അബുദബി: ചരിവ് എന്ന വാക്കുകേള്‍ക്കുമ്പോള്‍ത്തന്നെ ഇറ്റലിയിലെ പിസായിലുള്ള ചരിഞ്ഞ ഗോപുരമാണ് മനസ്സിലെത്തുക. എന്നാല്‍ ചരിവിന്റെ പേരിലുള്ള പ്രൗഡി ഇനി പിസാ ഗോപുരത്തില്‍ നിന്നും അബുദബിയിലെ ക്യാപിറ്റല്‍ ഗേറ്റ് സ്വന്തമാക്കും. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ചരിവുള്ള ഗോപുരം ക്യാപിറ്റല്‍ ഗേറ്റാണ്.
യുഎഇയുടെ തലസ്ഥാന നഗരത്തിലുള്ള ഈ കെട്ടിടത്തിന് 35 നിലകളും 160 മീറ്റര്‍ ഉയരവുമുണ്ട്. പടിഞ്ഞാറോട്ട് 18 ഡിഗ്രി ചരിഞ്ഞാണിതിന്റെ നില്‍പ്പ്. പിസായിലുള്ള വിഖ്യാത ഗോപുരത്തിന്റെ നാലിരട്ടി ചെരിവുണ്ട് ക്യാപിറ്റല്‍ ഗേറ്റിന്. ലോകത്തെ ഏറ്റവും ചരിഞ്ഞ കെട്ടിടം ഇതാണെന്ന് ലോക റെക്കോഡുകളുടെ ഗിന്നസ്ബുക്ക് അധികൃതര്‍ കഴിഞ്ഞ മാസം സാക്ഷ്യപ്പെടുത്തി. അബുദബിയിലെ നാഷണല്‍ എക്‌സിബിഷന്‍ കമ്പനിയാണ് ക്യാപിറ്റല്‍ ഗേറ്റ് നിര്‍മിച്ചത്. ജനുവരിയില്‍ കെട്ടിടത്തിന്റെ പുറംപണി പൂര്‍ത്തിയായപ്പോഴാണ് ഗിന്നസ്‌സംഘം സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചത്. അകത്തളത്തിന്റെ പണികള്‍ കൂടി കഴിഞ്ഞാല്‍ 2010 അവസാനത്തോടെ കെട്ടിടം തുറന്നുകൊടുക്കും. ഒരു പഞ്ചനക്ഷത്ര ഹോട്ടലും മറ്റ് ഓഫീസുകളുമാണ് ക്യാപിറ്റല്‍ ഗേറ്റിലുണ്ടാവുക.
പിസായില്‍ 1173ല്‍ നിര്‍മിച്ച ഗോപുരവും നൂറ്റാണ്ടുകള്‍ക്കുശേഷം അബുദാബിയിലുണ്ടാക്കിയ കെട്ടിടവും തമ്മില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്. പിസായിലെ കെട്ടിടം ചരിച്ചുണ്ടാക്കിയതല്ല. കുത്തനെ നിര്‍മിച്ച ഗോപുരം നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ കാരണം ചരിഞ്ഞുപോവുകയായിരുന്നു. മറിഞ്ഞുവീഴാതെ ചരിവു നിലനിര്‍ത്തിയപ്പോള്‍ അത് ലോകാത്ഭുതമായി. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പിസാ ഗോപുരം തന്നെ ഇപ്പോഴും മുമ്പന്‍. അബുദാബി കെട്ടിടം മനഃപൂര്‍വം ചെരിച്ചുണ്ടാക്കിയതാണ്. 12 നിലവരെ സാധാരണപോലെ കുത്തനെയാണിതിന്റെ നിര്‍മിതി. പിന്നീടുള്ള ഓരോ നിലകളും 30 സെ.മീറ്റര്‍ മുതല്‍ 140 സെ.മീറ്റര്‍വരെ പുറത്തേക്ക് തള്ളിവെച്ചു. അങ്ങനെ 36 നിലയിലെത്തിയപ്പോള്‍ 18 ഡിഗ്രി ചരിവു വന്നു. ബ്രിട്ടനിലെ ആര്‍എംജെഎം ആണ് ക്യാപിറ്റല്‍ ഗേറ്റിന്റെ ശില്പികള്‍.

 

Read More
JQuery Cycle Plugin - Example Slideshow