ഇന്ത്യന്‍ രോഗാണു അന്താരാഷ്ട്ര തലത്തില്‍ ഭീതി വിതക്കുന്നു
ലണ്ടന്‍: ഇന്ത്യയില്‍ നിന്ന് എത്തിയ പുതിയ മാരക രോഗാണു ബ്രിട്ടനില്‍ പടരുന്നു. മരുന്നുകള്‍ ഫലിക്കാത്ത ഈ ബാക്റ്റീരിയബാധ ലോകമെങ്ങും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കി.
ഇന്നു ലഭ്യമായ ഏറ്റവും ശക്്തമായ ആന്റിബയോട്ടിക് ഔഷധങ്ങളെപ്പോലും തോല്‍പിക്കാന്‍ ശേഷിയുള്ള രോഗാണുവിന്റെ എന്‍സൈമിന് ശാസ്ത്രജ്ഞര്‍ എന്‍.ഡി.എംവണ്‍ (ന്യൂദല്‍ഹി മെറ്റലോ ബീറ്റ ലാക്റ്റാമേസ്) എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു ജീവിയുടെ ശരീരത്തിലുള്ള രാസസംയുക്തമാണ് എന്‍സൈം.
പ്രകൃതിയിലെ ഏതു ബാക്ടിരിയയുടെയും ശരീരത്തില്‍ നിലനില്‍ക്കാന്‍ കഴിയുന്ന എന്‍.ഡി.എംവണ്‍ എന്‍സൈം താമസിയാതെ വിവിധ ബാക്ടീരിയകളില്‍ പ്രത്യക്ഷമായി ലോകമെങ്ങും പടരുമെന്നാണ് ഗവേഷകരുടെ ഭീതി. എന്‍.ഡി.എംവണ്‍ ഔഷധങ്ങളെ പ്രതിരോധിക്കുന്നതിനാല്‍ ആഗോള രോഗബാധ പലരാജ്യങ്ങളിലും കൂട്ടമരണത്തിനു കാരണമാവാം. എന്‍.ഡി.എംവണ്‍ എന്‍സൈം പടരുകയും വിവിധ ബാക്ടീരിയകളില്‍ പ്രത്യക്ഷമാവുകയും ചെയ്താല്‍ ചികില്‍സ അസാധ്യമായ മാരകരോഗങ്ങള്‍ പടരും. ആന്റിബയോട്ടിക്ക് ഔഷധങ്ങള്‍ ഫലിക്കാതെ രോഗികള്‍ മരണത്തിനു കീഴടങ്ങേണ്ടിവരും.
ചെന്നൈ, ഹരിയാന എന്നിവിടങ്ങളിലെ ആശുപത്രികളില്‍നിന്നാണ് ബാക്റ്റീരിയ ലണ്ടനില്‍ എത്തിയതെന്ന് ലാന്‍സെറ്റ് ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു.
ഇന്ത്യയില്‍ സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ക്കും ചികില്‍സക്കുമായി എത്തിയ ബ്രിട്ടീഷ് പൗരന്‍മാരിലാണ് രോഗാണുവിനെ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടനില്‍മാത്രം 50 രോഗികളില്‍ പുതിയ രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തി. പുതിയ ഭീഷണി എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് ബ്രിട്ടീഷ് ഗവേഷകര്‍ തല പുകയ്ക്കുകയാണ്. എന്നാല്‍, രോഗാണുവിന്റെ ഉറവിടമായ ഇന്ത്യയില്‍ ഇതുവരെ ഇക്കാര്യം പഠനവിഷയമായിട്ടില്ല.
രോഗബാധ കണ്ടെത്തിയത് ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസത്തിന് കനത്ത തിരിച്ചടിയാവും. പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. മരുന്നു ഫലിക്കാത്ത ബാക്ടീരിയകളുടെ എണ്ണം സമീപകാലത്ത് വര്‍ധിക്കുകയാണ്. 'അതിശക്ത അണു' അഥവാ 'സൂപ്പര്‍ബഗ്' എന്നാണ് ഇത്തരം രോഗാണുക്കള്‍ വിശേഷിപ്പിക്കപ്പെടുന്നത്.