ഉത്തരകൊറിയയുടെ റോക്കറ്റ് പരീക്ഷണം പരാജയം; പരീക്ഷണത്തിനെതിരേ രാജ്യാന്തരസമൂഹം


പ്യോംഗ്യാംഗ് : അമേരിക്കയുടെയും പാശ്ചാത്യരാജ്യങ്ങളുടെയും മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിച്ചു. പടിഞ്ഞാറന്‍ തീരത്തുള്ള ചൊല്‍സാന്‍ കൗണ്ടിയിലായിരുന്നു വിക്ഷേപണം. റോക്കറ്റ് പരീക്ഷണം പരാജയമായിരുന്നുവെന്നും പ്രാദേശികസമയം ഇന്നലെ രാവിലെ 7.38നു വിക്ഷേപിച്ച റോക്കറ്റ് ഉയര്‍ന്നു രണ്ടു മിനിറ്റിനുള്ളില്‍ പൊട്ടിത്തെറിച്ചു രണ്ടു ഭാഗങ്ങളായി പസഫിക് സമുദ്രത്തില്‍ പതിച്ചെന്നും അയല്‍രാജ്യമായ ദക്ഷിണകൊറിയ അറിയിച്ചു. വിക്ഷേപണം പരാജയമായിരുന്നുവെന്നും റോക്കറ്റിന് അതു വഹിച്ചിരുന്ന ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാനായില്ലെന്നും ഉത്തരകൊറിയയും സമ്മതിച്ചു. റോക്കറ്റ് വിക്ഷേപണത്തിന്റെ മറവില്‍ പരീക്ഷിച്ച തെയ്‌പോ ഡോംഗ്-2 എന്ന മിസൈലിന്റെ ആദ്യഘട്ടം ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയൂളിനു 165 കിലോമീറ്റര്‍ പടിഞ്ഞാറു വീണതായും ബാക്കിഭാഗം പസഫിക് സമുദ്രത്തില്‍ പതിച്ചതായും യുഎസ് സൈനിക കമാന്‍ഡ് അറിയിച്ചു.

റോക്കറ്റിന്റെ മറവില്‍ ദീര്‍ഘദൂര മിസൈല്‍ സാങ്കേതികവിദ്യ പരീക്ഷിക്കാനാണ് ഉത്തരകൊറിയ ശ്രമിക്കുന്നതെന്നതിനാലാണു വിക്ഷേപണത്തെ രാജ്യാന്തരസമൂഹം എതിര്‍ത്തത്. റോക്കറ്റ് വിക്ഷേപണത്തിലൂടെ ഉത്തരകൊറിയ രാജ്യാന്തരനിയമം ലംഘിക്കുകയും മേഖലയിലെ സുരക്ഷയ്ക്കു വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെ. കാര്‍നെ ആരോപിച്ചു.

ഉത്തരകൊറിയയുടെ റോക്കറ്റ് വിക്ഷേപണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണും അപലപിച്ചു. ഈ നീക്കം മേഖലയിലെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്നും 1874ലെ യുഎന്‍ സുരക്ഷാസമിതി പ്രമേയത്തിന്റെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി യുഎന്‍ രക്ഷാസമിതി യോഗം ചേരുന്നുണ്ട്. എന്നാല്‍, കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തുന്നതിനെ ചൈനയും റഷ്യയും എതിര്‍ക്കുന്നു. എങ്കിലും ഉത്തരകൊറിയയുടെ ഏകപക്ഷീയമായ നീക്കത്തെ ഇരു രാജ്യങ്ങളും അപലപിച്ചു. ആണവപദ്ധതികളുമായി ബന്ധപ്പെട്ട് ഉത്തരകൊറിയയുമായി കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്നു ചൈനയും റഷ്യയും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Read More

ഗിനി-ബിസാവുവില്‍ സൈനിക അട്ടിമറി; പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും അറസ്റ്റ് ചെയ്തു


ബിസാവു : പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനി-ബിസാവുവില്‍ സൈനിക അട്ടിമറിനീക്കം. ഇടക്കാല പ്രസിഡന്റ് റെയ്മുണേ്ടാ പെരേരയുടെയും പ്രധാനമന്ത്രി കാര്‍ലോസ് ഗോമസ് ജൂണിയറിന്റെയും ബിസാവുവിലുള്ള വീടുകള്‍ ആക്രമിച്ച സൈന്യം ഇരുവരെയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. തുടര്‍ന്ന് ഇരുവരെയും പിക്കപ് ട്രക്കില്‍ അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോയി. തലസ്ഥാനമായ ബിസാവു നഗരത്തില്‍ വെടിയൊച്ചയും സ്‌ഫോടനവും നടന്നുകൊണ്ടിരിക്കുകയാണ്.

സംഭവത്തെ അമേരിക്കയും ആഫ്രിക്കന്‍ യൂണിയനും അപലപിച്ചു. സിവിലിയന്‍ ഭരണം അംഗീകരിക്കാന്‍ സൈന്യം തയാറാകണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാന്‍ ജീന്‍ പിംഗ് ആവശ്യപ്പെട്ടു. സൈന്യം സാഹസം കാട്ടരുതെന്നും ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിക്കരുതെന്നും സെനഗലിലെ യുഎസ് എംബസി അഭ്യര്‍ഥിച്ചു. സ്ഥിതിഗതികള്‍ അവ്യക്തമാണെങ്കിലും നിരീക്ഷിച്ചുവരികയാണെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്ത് പ്രസിഡന്റു തെരഞ്ഞെടുപ്പു നടന്നുകൊണ്ടിരിക്കെയാണ് അട്ടിമറിനീക്കമുണ്ടാകുന്നത്. അസുഖത്തെത്തുടര്‍ന്നു പ്രസിഡന്റ് മാലാം ബാസായ് സാന്‍ഹ(64) കഴിഞ്ഞ ജനുവരിയില്‍ മരിച്ചതിനെത്തുടര്‍ന്നാണു തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. പ്രധാനമന്ത്രി കാര്‍ലോസ് ഗോമസ് ജൂണിയറാണു പുതിയ പ്രസിഡന്റുസ്ഥാനാര്‍ഥി. ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞമാസം പൂര്‍ത്തിയായെങ്കിലും ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നു രാജ്യാന്തര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍മാസം 29ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളിലായിരുന്നു രാജ്യം.

2009ല്‍ ജനാധിപത്യരീതിയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെയാണ് സാന്‍ഹ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എങ്കിലും സൈന്യവും സര്‍ക്കാരും തമ്മിലുള്ള ബന്ധം അത്ര നല്ലതായിരുന്നില്ല.

അതേസമയം, തങ്ങള്‍ക്ക് അധികാരമോഹമില്ലെന്നു സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. വിദേശ സൈനികസഹായത്തോടെ രാജ്യത്തെ സൈന്യത്തെ ഇല്ലാതാക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നും സൈനിക നേതൃത്വം പ്രസ്താവനയില്‍ ആരോപിച്ചു.

രാജ്യത്തെ സൈന്യത്തില്‍ പരിഷ്‌കരണം നടത്താനായി ഗിനി-ബിസാവു സര്‍ക്കാരും അയല്‍രാജ്യമായ അംഗോളയും തമ്മില്‍ രഹസ്യകരാറുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് 200ഓളം അംഗോളന്‍ സൈനിക ഉദ്യോഗസ്ഥര്‍ ബിസാവുവില്‍ എത്തുകയുമുണ്ടായി. അംഗോളന്‍ സൈന്യത്തിന്റെ സാന്നിധ്യമാണു സൈന്യത്തെ ചൊടിപ്പിച്ചത്.

1974ല്‍ സ്വാതന്ത്ര്യം ലഭിച്ച രാജ്യത്ത് അന്നുമുതല്‍ സൈന്യവും സര്‍ക്കാരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായിരുന്നു. അതിനാല്‍ത്തന്നെ ഒരു പ്രസിഡന്റിനും കാലാവധി തികയ്ക്കാനായിട്ടില്ല. മൂന്നു പ്രസിഡന്റുമാരെ സൈന്യം പുറത്താക്കുകയും ഒരു പ്രസിഡന്റിനെ വധിക്കുകയും ചെയ്തിട്ടുണ്ട്.

 

Read More

പാക് ജയില്‍ ആക്രമിച്ച് 300 തടവുകാരെ രക്ഷപ്പെടുത്തി


ഇസ്ലാമാബാദ് : പാകിസ്താനിലെ ബാനു സെന്‍ട്രല്‍ ജയില്‍ ആക്രമിച്ച് തീവ്രവാദികള്‍ 300 പേരെ മോചിപ്പിച്ചുഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. റോക്കറ്റുകളും, ഗ്രനേഡുകളും തോക്കുകളുമായെത്തിയ തീവ്രവാദികള്‍ ജയില്‍ പിടിച്ചെടുത്ത ശേഷമാണ് തീവ്രവാദക്കേസിലെ പ്രതികളടക്കം 300 പേരെ മോചിപ്പിച്ചതെന്ന് പോലീസ് ഓഫീസറായ മിര്‍സാ ഹിബ്ജാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

 

ആക്രമണത്തില്‍ തടവുപുള്ളികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 300-നും 400-നും ഇടയ്ക്ക് തടവുകാര്‍ രക്ഷപ്പെട്ടതായി വാര്‍ത്തകളുണ്ട്. ജയില്‍ സ്ഥിതിചെയ്യുന്ന പ്രദേശം ഇപ്പോള്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. 150-ലേറെ വരുന്ന തീവ്രവാദികള്‍ പുലര്‍ച്ചെയാണ് ആക്രമണം അഴിച്ചുവിട്ടത്. ജയില്‍ ഗേറ്റുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തശേഷമാണ് അക്രമികള്‍ അകത്തുകടന്നത്. തടവുകാര്‍ക്ക് സഞ്ചരിക്കാനായി വാഹനങ്ങളും അക്രമികള്‍ കരുതിയിരുന്നു

ആറ് സെല്‍ബ്ലോക്കുകളിലായി 944 തടവുകാരാണ് ബാനു സെന്‍്ട്രല്‍ ജയിലിലുള്ളത്. അല്‍ ഖായ്ദയുമായി ബന്ധമുള്ള തെരീക് ഇതാലിബാന്‍ എന്ന രാജ്യവിരുദ്ധ സംഘടനകളുടെ കൂട്ടായ്മ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

Read More
JQuery Cycle Plugin - Example Slideshow