ഇന്ത്യയും ഫ്രാന്‍സും ആണവോര്‍ജ്ജകരാറില്‍ ഒപ്പിട്ടു


ന്യൂഡല്‍ഹി : ഇന്ത്യയില്‍ രണ്ട് ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതടക്കം ഏഴ് സുപ്രധാനകരാറുകളില്‍ ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്ന ഫ്രഞ്ച് പ്രസിഡന്റെ് നിക്കോളാസ് സര്‍ക്കോസിയും ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും ഡിസംബര്‍ 6-ന് ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്കൊടുവില്‍ ഒപ്പിട്ടു. ആണവരംഗത്തെ സഹകരണം സംബന്ധിച്ച് നാല് കരാറുകള്‍ കൂടാതെ ബഹിരാകാശ ഗവേഷണം, ഭൗമശാസ്ത്രം, കാലാവസ്ഥ വ്യതിയാനം, ഐക്യരാഷ്ട്ര രക്ഷാസമിതി വിപൂലീകരണം തുടങ്ങിയ നിര്‍ണായക വിഷയങ്ങളിലും ഇരുവരും ചര്‍ച്ച നടത്തി. ഫ്രാന്‍സിലെ മുന്‍നിര ആണവോര്‍ജ്ജ കമ്പനിയായ എസ്. എ അരേവ ഇന്ത്യയുടെ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് 1,650 മെഗാവാട്ടിന്റെ രണ്ടു ആണവ റിയാക്ടറുകള്‍ ജയ്താപൂരില്‍ സ്ഥാപിക്കും. 930 കോടി ഡോളര്‍ മൂല്യമുള്ള കരാറാണിത്. ഊര്‍ജോത്പാദനത്തിനായി ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന 20 റിയാക്ടറുകളില്‍ ആദ്യത്തെ രണ്ട് റിയാക്ടറുകളാണിവ.

Read More

ഇന്ത്യയുടെ സഹായം സ്വീകരിക്കുമെന്ന് പാകിസ്താന്‍


ഇസ്‌ലാമാബാദ്: പ്രളയ ദുരിത ബാധിതര്‍ക്ക് ഇന്ത്യ വാഗ്ദാനം ചെയ്ത  50 ലക്ഷം ഡോളര്‍ (23 കോടി രൂപ) സ്വീകരിക്കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ വ്യക്തമാക്കി. സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വരെ പാകിസ്താന്‍ ഒന്നും പറഞ്ഞിരുന്നില്ല.
ദുരന്തത്തില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും, ഇന്ത്യയുടെ സഹായം സ്വീകരിക്കണമെന്നും പാകിസ്താനോട് യു.എസ് ആവശ്യപ്പെട്ടിരുന്നു.  ന്യയോര്‍ക്കില്‍ യു.എന്നില്‍ നിന്ന് കൂടുതല്‍ സഹായം സ്വീകരിക്കാനായി എത്തിയ പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശിയാണ് യു.എന്‍. ആസ്ഥാനത്ത് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ തന്റെ നിലപാട് അറിയിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ ഖുറൈശിയോട് സഹായം വാഗ്ദാനം ചെയ്തത്. മൂന്നാഴ്ച പിന്നിട്ടിട്ടും പാകിസ്താനിലെ പ്രളയം മാറ്റമില്ലാതെ തുടരുകയാണ്. ദുരന്തത്തില്‍ ഭവനരഹിതരായവരുടെ എണ്ണം 40 ലക്ഷമായി ഉയര്‍ന്നു.

 

Read More

യു.എസ് ഇറാഖ് അധിനിവേശം പൂര്‍ണമായും അവസാനിപ്പിച്ചു


ബഗ്ദാദ്: ഏഴ് വര്‍ഷം വര്‍ഷം നീണ്ടു നിന്ന ഇറാഖ് സൈനിക അധിനിവേശം യു.എസ് അവസാനിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയോടെ യു.എസ് സൈന്യത്തിന്റെ അവസാന സംഘവും ഇറാഖില്‍ നിന്ന് പിന്‍വാങ്ങി.  ആഗസ്റ്റ് 31 നകം ഇറാഖില്‍ നിന്നും യു.എസ് സൈന്യം പൂര്‍ണമായും പിന്‍മാറുമെന്ന് പ്രസിഡണ്ട് ബറാക് ഒബാമ  നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപിച്ചതിലും രണ്ടാഴ്ച മുമ്പാണ് സൈന്യം ഇറാഖ് വിടുന്നത്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തില്‍  4,000 ജീവനുകളാണ് നഷ്ടപ്പെട്ടത്.
ഏഴുവര്‍ഷക്കാലത്തെ രക്ത രൂക്ഷിത അധിനിവേശത്തിനാണ് ഇന്നത്തോടെ അറുതിയാവുന്നത്. 2003 ല്‍ അന്നത്തെ യു.എസ് പ്രസിഡണ്ട് ജോര്‍ജ് ഫഡബ്ലിയു ബുഷ് ആണ് ഇറാഖുമായി 'കുരിശുയുദ്ധം' പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇറാഖ് പ്രസിഡണ്ടായിരുന്ന സദ്ദാം ഹുസൈനെ പിടികൂടുകയും തൂക്കിലേറ്റുകയും ചെയ്തതടക്കം നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് ലോകം സാക്ഷിയായി. ഉസാമ ബിന്‍ലാദന് സദ്ദാം സംരക്ഷണം നല്‍കുന്നുവെന്നും ഇറാഖില്‍ ജനാധിപത്യം സ്ഥാപിക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് അമേരിക്ക ഇറാഖിനെതിരെ തുനിഞ്ഞത്. അവസാനം യു.എസ് ഇറാഖില്‍ നിന്ന് പിന്‍മാറുമ്പോഴും രാജ്യത്തെ ജനതക്ക് സമാധാനം ലഭിച്ചിട്ടില്ല.  സദ്ദാമിന്റെ കാലത്തുള്ളതിനേക്കാള്‍ വറുതിയിലാണിപ്പോള്‍ ജനത

 

Read More

അതിര്‍ത്തിയില്‍ പാക്കിസ്താന്‍ വെടി വെയ്പ്പ്


ശ്രീനഗര്‍: ഇന്ത്യാ - പാക് നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് പാകിസ്താന്‍ സൈനികര്‍ വെടിയുതിര്‍ത്തു. പൂഞ്ച് മേഖലയിലെ കൃഷ്ണഘട്ടി സെക്ടറിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്.
മൂന്നു മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ റോക്കറ്റുകളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ചിട്ടുണ്ട്. കൃഷ്ണഘട്ടി സെക്ടറില്‍ ജൂലൈ മുതല്‍ ആറു തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനെ ഉണ്ടായ ഏറ്റവും വലിയ വെടിനിര്‍ത്തല്‍ ലംഘനമാണ് ഇത്.

 

Read More

ന്യൂയോര്‍ക് നഗരസഭയുമായുള്ള വസ്തു നികുതി കേസില്‍ ഇന്ത്യക്ക് വിജയം


ന്യൂയോര്‍ക്: ന്യൂയോര്‍ക് നഗരസഭാ അധികൃതരുമായി ഏഴു വര്‍ഷം നീണ്ട നിയമ യുദ്ധത്തില്‍ ഇന്ത്യക്ക് വിജയം. നയതന്ത്ര പ്രതിനിധികള്‍ക്കായുള്ള വീടുകള്‍ സ്വന്തമായുള്ള രാജ്യങ്ങള്‍ വസ്തു നികുതി നല്‍കേണ്ടതില്ലെന്ന് യു.എസ് ഫെഡറല്‍ കോടതി വിധിച്ചു. ഇതോടെ, മുന്‍കാല നികുതികളും പലിശയും അടക്കം 4.25 കോടി ഡോളര്‍ അടക്കുന്നതില്‍ നിന്നാണ് ഇന്ത്യ രക്ഷപ്പെട്ടത്. ഇന്ത്യക്ക് പുറമെ മംഗോളിയയെയും നികുതി അടക്കുന്നതില്‍ നിന്ന് കോടതി ഒഴിവാക്കി.
43 ലക്ഷം ഡോളറാണ് മംഗോളിയ അടക്കേണ്ടിയിരുന്നത്. നയതന്ത്ര പ്രതിനിധികള്‍ക്കായുള്ള വീടുകള്‍ക്ക് പ്രതിവര്‍ഷം 70 ലക്ഷം ഡോളര്‍ വസ്തു നികുതിയാണ് ന്യൂയോര്‍ക് നഗരസഭ ചുമത്തിയത്. 2008ല്‍ ഇന്ത്യ 4.25 കോടി ഡോളര്‍ നികുതി അടക്കണമെന്ന് കീഴ്‌കോടതി വിധിക്കുകയും ചെയ്തു. എന്നാല്‍, 2009 ജൂണില്‍ യു.എസ് വിദേശകാര്യ വകുപ്പ് നയതന്ത്ര പ്രതിനിധികള്‍ക്കായുള്ള വീടുകളെ വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചു. അതിനെതിരെയാണ് ന്യൂയോര്‍ക് നഗരസഭ ഫെഡറല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഇതില്‍ ഇന്ത്യക്ക് അനുകൂല വിധി ഉണ്ടാവുകയായിരുന്നു.
നഗരസഭയോട് നീതികേടുണ്ടെങ്കിലും അമേരിക്കയിലെ വിദേശ നയതന്ത്രാലയ നിയമം ഭരണകൂടത്തെയും നഗരസഭാ നികുതി നിയമങ്ങളെയും മറികടന്ന് നികുതി കിഴിവുകള്‍ നല്‍കാന്‍ വിദേശകാര്യ വകുപ്പിന് അനുമതി നല്‍കുന്നുണ്ടെന്ന് മാന്‍ഹാട്ടനിലെ രണ്ടാം ഫെഡറല്‍ സര്‍ക്യൂട്ട് അപ്പീല്‍ കോടതിയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് ആകെ 26 കോടി ഡോളര്‍ അടക്കാനാണ് ന്യൂയോര്‍ക് നഗരസഭ ആവശ്യപ്പെട്ടത്. മാന്‍ഹാട്ടനില്‍ ഇന്ത്യക്ക് 26 നില കെട്ടിടമാണ് സ്വന്തമായുള്ളത്. ഇതില്‍ 20 നിലകള്‍ ജീവനക്കാരുടെ താമസത്തിനായാണ് ഉപയോഗിക്കുന്നത്.

 

Read More

വന്‍കിട രാഷ്ട്രങ്ങള്‍ ഒപ്പു വച്ചില്ല; ക്ലസ്റ്റര്‍ ബോംബ് നിരോധം നിലവില്‍വന്നു


ജനീവ: ക്ലസ്റ്റര്‍ ആയുധങ്ങള്‍ നിരോധിച്ചുള്ള കരാര്‍ നിലവില്‍ വന്നു. 108 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച ക്ലസ്റ്റര്‍ ബോംബ് നിരോധന കരാറില്‍ ക്ലസ്റ്റര്‍ ബോംബിന്റെ പ്രമുഖ പ്രയോക്താവായ അമേരിക്കയും റഷ്യ, ചൈന, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ ഒപ്പു വച്ചിട്ടില്ല. അതുക്കൊണ്ട് തന്നെ കരറിന്റെ പ്രായോഗികതയെ കുറിച്ച് അന്താരാഷ്ട്രതലത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നു. അതേ സമയം ആഗോള ആയുധ നിര്‍വ്യാപനശ്രമങ്ങള്‍ക്ക് പ്രത്യാശ പകരുന്നതാണ് ക്ലസ്റ്റര്‍ നിരോധമെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ന്റെ അഭിപ്രായം.
കരാര്‍ ക്ലസ്റ്റര്‍ ബോംബ് നിര്‍മിക്കുന്നതും സംഭരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും വിലക്കുന്നു.  ക്ലസ്റ്റര്‍ ബോംബ് കൈവശമുള്ള രാജ്യങ്ങള്‍ പത്തുവര്‍ഷത്തിനകം അവ പൂര്‍ണമായി നശിപ്പിക്കണമെന്ന് കരാര്‍ വ്യവസ്ഥചെയ്യുന്നുണ്ട്.
മാരക പ്രഹരശേഷിയുള്ള ക്ലസ്റ്റര്‍ ബോംബുകള്‍ സിവിലിയന്മാരുടെ ജീവനാണ് ഏറെയും അപഹരിച്ചത്. യുദ്ധവിമാനങ്ങളില്‍നിന്ന് വര്‍ഷിക്കുന്ന ഈ ബോംബുകള്‍ വളരെക്കാലം മണ്ണില്‍ 'നിര്‍ജീവമായി' കിടക്കും. അബദ്ധത്തില്‍ ചവിട്ടിപ്പോയാല്‍ അതിതീവ്രതയോടെ പൊട്ടിത്തെറിച്ച് ഒരു പ്രദേശമാകെ നശിപ്പിക്കാന്‍ കഴിവുണ്ട്.

 

Read More

ഐക്യരാഷ്ട്ര സ്ഥിരാംഗത്വം; വീറ്റോയില്‍ വിട്ടുവീഴ്ചക്ക് ഇന്ത്യ


യുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം കിട്ടിയാല്‍ വീറ്റോ അധികാരം കൂടി വേണമെന്ന് നിര്‍ബന്ധം പിടിക്കില്ലെന്ന് ഇന്ത്യ. ഇപ്പോള്‍ സ്ഥിരാംഗത്വമുള്ള രാജ്യങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും തങ്ങള്‍ക്കും വേണമെന്നായിരുന്നു അടുത്തിടവരെ ഇന്ത്യയുടെ വാദം. ഇതാദ്യമായാണ് സ്ഥിരാംഗത്വത്തിനൊപ്പം വീറ്റോ അധികാരം ചോദിക്കില്ലെന്ന് ഇന്ത്യ പരസ്യമായി പ്രഖ്യാപിക്കുന്നത്. വീറ്റോ അധികാരമില്ലാത്ത സ്ഥിരാംഗത്വം സ്വീകാര്യമാണെന്ന് യു.എന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.
ലോകസമാധാനവും സുരക്ഷയും ലക്ഷ്യമാക്കി 1945 ല്‍ സ്ഥാപിക്കപ്പെട്ട ഐക്യരാഷ്ട്രസഭയില്‍ ഇപ്പോള്‍ ഇന്ത്യയടക്കം 192 സാധാരണ അംഗങ്ങളുണ്ട്. പക്ഷേ, ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ (സെക്യൂരിറ്റി കൗണ്‍സില്‍) അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, അമേരിക്ക, ബ്രിട്ടന്‍ എന്നിവരാണ് സംഘടനയെ പ്രധാനമായും നയിക്കുന്നതും നയങ്ങള്‍ തീരുമാനിക്കുന്നതും. വീറ്റോ അധികാരമുള്ള ഈ വന്‍ശക്തി രാജ്യങ്ങള്‍ക്ക് മറ്റുള്ള അംഗങ്ങളുടെ ഏതു ഭൂരിപക്ഷ തീരുമാനത്തേയും വീറ്റോ പ്രയോഗിച്ച് അസാധുവാക്കാം. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അഞ്ച് സ്ഥിരാംഗങ്ങള്‍ക്കു പുറമേ പത്ത് താല്‍കാലിക അംഗങ്ങളും ഉണ്ട്. ഇവരെ ഊഴമനുസരിച്ച് പൊതുസഭ (ജനറല്‍ അസംബ്ലി) ആണ് തെരഞ്ഞെടുക്കുക. മാറിയ ലോകസാഹചര്യത്തില്‍ വന്‍ശക്തി രാജ്യങ്ങള്‍ക്കു പുറമെ തങ്ങള്‍ക്കും യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം വേണമെന്ന് ഇന്ത്യയും ബ്രസീലും ജര്‍മനിയും ജപ്പാനും ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.


 

Read More

ഇന്ത്യാ വിരുദ്ധപരാമര്‍ശം; ഉഭയകക്ഷി ബന്ധം വഷളായി (India selective in its approach, says Pakistan)


ന്യൂദല്‍ഹി: ഇരു രാഷ്്ട്രവും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യപാക് സംഭാഷണ പ്രകിയക്ക് തിരിച്ചടി. വിദേശമന്ത്രിതല ചര്‍ച്ചക്കു തൊട്ടു പിന്നാലെ പാക് വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറൈശി നടത്തിയ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളാണ് ഉഭയകക്ഷി ബന്ധം വീണ്ടും വഷളാക്കിയത്. തയാറെടുപ്പില്ലാതെയാണ് ഇന്ത്യ ചര്‍ച്ചക്ക് വന്നതെന്നും ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയുടെ പ്രസ്താവന ലശ്കര്‍ നേതാവിന്‍േറതിന് സമാനമാണെന്നും ഖുറൈശി കുറ്റപ്പെടുത്തി.
മുംബൈ ആക്രമണത്തിനു ശേഷം നടന്ന ഇന്ത്യന്‍ വിദേശ മന്ത്രിയുടെ ആദ്യ പാകിസ്താന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍  ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. മൂന്നു ദിവസം ഇസ്‌ലാമാബാദില്‍ ചെലവിട്ട മന്ത്രി കൃഷ്ണ പ്രധാന നേതാക്കളുമായും വിശദ ചര്‍ച്ചയും നടത്തി. സമാധാന പ്രക്രിയ അഭംഗുരം തുടരാനും ചര്‍ച്ചയില്‍ ധാരണയായിരുന്നു.
എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് ചര്‍ച്ചക്കു ശേഷം പാക് വിദേശ മന്ത്രി ഇന്ത്യന്‍ സംഘത്തിനു നേരെയും ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളക്കെതിരെയും നിശിത വിമര്‍ശം നടത്തിയത്. മുംബൈ ഭീകരാക്രമണത്തില്‍  ഐ.എസ്.ഐക്ക് പങ്കുണ്ടെന്ന  രീതിയിലുള്ള  ജി.കെ പിള്ളയുടെ പരാമര്‍ശമാണ് പാക് വിദേശ മന്ത്രിയെ ക്ഷുഭിതനാക്കിയത്. ഇന്ത്യക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ മാത്രം ചര്‍ച്ചയെ തളച്ചിടുകയായിരുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
ഇതിന്റെ പേരില്‍ ബന്ധം കൂടുതല്‍ വഷളാക്കുന്ന നിലപാടുകള്‍ ഉപേക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക് വിദേശമന്ത്രി  ഷാ മഹ്മൂദ് ഖുറൈശി നടത്തിയ രൂക്ഷമായ അഭിപ്രായപ്രകടനത്തോട് തികച്ചും പക്വത നിറഞ്ഞ പ്രതികരണം മാത്രമാണ് ദല്‍ഹിയില്‍ തിരിച്ചെത്തിയ വിദേശ മന്ത്രി എസ്. എം കൃഷ്ണ നടത്തിയതും. പ്രധാനമന്ത്രിയുമായി രാത്രി കൂടിക്കാഴ്ച നടത്തിയ മന്ത്രി കൃഷ്ണ പാകിസ്താനുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളും അദ്ദേഹത്തിന് കൈമാറി.
ചര്‍ച്ച പൂര്‍ത്തീകരിച്ച് വൈകുന്നേരം ദല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മന്ത്രി കൃഷ്ണ പാക് വിദേശ മന്ത്രിയെ പോലെ രൂക്ഷമായ വിമര്‍ശങ്ങളിലൂടെ മോല്‍ക്കോയ്മ നേടാന്‍ ഇന്ത്യ ഒരുക്കമല്ലെന്ന്  പറഞ്ഞു. ബന്ധം മെച്ചപ്പെടുത്താന്‍ ഉഭയകക്ഷി ചര്‍ച്ച  തുടരും. ഇന്ത്യയിലേക്ക് പാക് വിദേശമന്ത്രിയെ ചര്‍ച്ചക്ക് ക്ഷണിച്ചതായും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
ജി.കെ പിള്ളയുടെയും ലശ്കര്‍ നേതാവ് ഹാഫിസ് സഈദിന്റെയും പ്രസ്താവനകളെ തുലനം ചെയ്ത ഖുറൈശിയുടെ നടപടിയെ കൃഷ്ണ വിമര്‍ശിച്ചു. ഡേവിഡ്  ഹെഡ്‌ലിയുടെ മൊഴിയില്‍ നിന്നു ലഭിച്ച വിവരങ്ങളാണ് ജി.കെ പിള്ള വെളിപ്പെടുത്തിയത്. ഇന്ത്യാവിരുദ്ധ പ്രചാരണം പാകിസ്താനില്‍ തുടരുന്നത് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ സഹായകമാകില്ലെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.


 

Read More

ജയിംസ് ജോണ്‍സ് ഇന്ത്യയില്‍


വാഷിങ്ടണ്‍: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ ജെയിംസ് ജോണ്‍സ് അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്റെ ക്ഷണപ്രകാരമാണ് ജോണ്‍സ് ഇന്ത്യയിലെത്തുന്നതെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് മൈക്ക് ഹാമ്മര്‍ പറഞ്ഞു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥരുമായി ജോണ്‍സ് കൂടിക്കാഴ്ച നടത്തും. ഭീകരവിരുദ്ധ പോരാട്ടങ്ങള്‍, ദേശീയ സുരക്ഷ, പ്രതിരോധ രംഗത്തെ സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച ചെയ്യും. ഒബാമ നവംബറില്‍ നടത്തുന്ന ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ വിജയത്തിന് കളമൊരുക്കലാണ് ജോണ്‍സിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഹാമ്മര്‍ പറഞ്ഞു.

 

Read More

ഇസ്രായേല്‍ തുര്‍ക്കി രഹസ്യ ചര്‍ച്ച (Isrel with Turkey Undercover Discussion)


ബ്രസല്‍സ് (ബല്‍ജിയം): അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നിര്‍ദേശപ്രകാരം തുര്‍ക്കിയും ഇസ്രായേലും രഹസ്യ ചര്‍ച്ച നടത്തി. ഗസ്സയിലേക്കുള്ള സഹായ കപ്പല്‍ ആക്രമിച്ച് തുര്‍ക്കി മനുഷാവകാശ പ്രവര്‍ത്തകരെ ഇസ്രായേല്‍ വധിച്ചതോടെ ഇരുരാജ്യങ്ങളും ഏറെ അകന്നിരുന്നു.
ഇസ്രായേല്‍ വ്യാപാരമന്ത്രി ബിന്യമിന്‍  ബന്‍ എലൈസര്‍ ആണ് തുര്‍ക്കി വിദേശകാര്യ മന്ത്രി അഹ്മദ് ദവുതോഗ്‌ലുവുമായി ബ്രസല്‍സില്‍ രഹസ്യ സംഭാഷണം നടത്തിയത്. ഇസ്രായേലിന്റെ വിശ്വസ്തനായ മുസ്‌ലിം രാജ്യമായി അറിയപ്പെടുന്ന തുര്‍ക്കിയുമായുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒമാബ നേരിട്ട് ഇടപെടുകയായിരുന്നുവെന്ന് 'ഹാരറ്റ്‌സ്' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു
സഹായ കപ്പലില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും മാപ്പുപറയണമെന്നുമുള്ള തുര്‍ക്കിയുടെ ആവശ്യം ഇസ്രായേല്‍ തള്ളിയിരുന്നു. ജി20 ഉച്ചകോടിക്ക് ടൊറന്‍േറായില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാനെ കണ്ട് ഇസ്രായേലുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ച വാഷിങ്ടണില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ കണ്ട ഒബാമ, തുര്‍ക്കിയുമായി രമ്യതയിലെത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലതെന്ന് നിര്‍ദേശിച്ചിരുന്നു.
അതിനിടെ കൂടിക്കാഴ്ച തന്നെ അറിയിക്കാത്തതില്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍ കടുത്ത പ്രതിഷേധത്തിലാണ്. രഹസ്യ ചര്‍ച്ച നടത്തി പ്രധാനമന്ത്രിയും വ്യാപാര മന്ത്രിയും തന്നെ അപമാനിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാല്‍, സാങ്കേതിക തകരാര്‍ കാരണമാണ് വിദേശകാര്യ മന്ത്രിയുടെ ഓഫിസിനെ വിവരം അറിയിക്കാന്‍ വിട്ടുപോയതെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം


 

Read More

അലക്‌സാന്‍ഡ്രിയ ഗ്രന്ഥാലയത്തിന് സര്‍കോസി അഞ്ചു ലക്ഷം ഗ്രന്ഥങ്ങള്‍ നല്‍കി


അലക്‌സാന്‍ഡ്രിയ: ഫ്രഞ്ച് പ്രസിഡന്റ് നികളസ് സര്‍കോസി ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനോടുള്ള സുഹൃദ്ബന്ധത്തിന്റെ നിത്യസ്മാരകമായി അലക്‌സാന്‍ഡ്രിയ ഗ്രന്ഥാലയത്തിന് അഞ്ചു ലക്ഷം പുസ്തകങ്ങള്‍ സമ്മാനിച്ചതായി ഡയറക്ടര്‍ ഇസ്മാഈല്‍ സിറാജുദ്ദീന്‍ അറിയിച്ചു.
1996 - 2006 കാലയളവില്‍ സംസ്‌കാരം, ശാസ്ത്രം, സാഹിത്യം, ചരിത്രം, ഭൂമിശാസ്ത്രം, നരവംശ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ പ്രസിദ്ധീകൃതമായ ഫ്രഞ്ച് പുസ്തകങ്ങളാണ് ലൈബ്രറിക്ക് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ അറബ്‌ലോകത്ത് ഏറ്റവും കൂടുതല്‍ ഫ്രഞ്ച് ഗ്രന്ഥശേഖരമുള്ള ലൈബ്രറിയാവും അലക്‌സാന്‍ഡ്രിയ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




 

Read More

ഇന്ത്യയും കാനഡയും ആണവകരാറുകളില്‍ ഒപ്പുവച്ചു (India Signed neclear deal with Canada)


ടൊറന്റോ: കാനഡയും ഇന്ത്യയും സിവില്‍ ആണവകരാറുകളില്‍ ഒപ്പുവച്ചു. കരാറനുസരിച്ച് ഊര്‍ജാവശ്യങ്ങള്‍ക്ക് കാനഡയില്‍ നിന്നും ഇന്ത്യക്ക് യുറേനിയം ലഭ്യമാകും. ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ഉത്പാദക രാഷ്ട്രമാണ് കാനഡ. 34 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാനഡയില്‍ നിന്നും ഇന്ത്യയ്ക്ക് ആണവ ഇന്ധനം ലഭ്യമാകാന്‍ പോകുന്നത്.
പൊഖ്‌റാനിലെ ആദ്യ ആണവപരീക്ഷണത്തെത്തുടര്‍ന്ന് 1974ലാണ് കാനഡ ഇന്ത്യയുമായുള്ള ആണവവ്യാപാരം നിരോധിച്ചത്. ആഗോള ആണവവ്യാപാരത്തിന് ഇന്ത്യയിലുണ്ടായിരുന്ന നിരോധനം കഴിഞ്ഞ സെപ്റ്റംബറില്‍ നീക്കിയശേഷം ഇന്ത്യയുമായി ആണവക്കരാറിലെത്തുന്ന എട്ടാമത്തെ രാഷ്ട്രമാണ് കാനഡ.
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെയും കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറിന്റെയും സാന്നിധ്യത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജി സെക്രട്ടറി ശ്രീകുമാര്‍ ബാനര്‍ജിയും കാനഡയ്ക്ക് വേണ്ടി വിദേശകാര്യമന്ത്രി ലോറന്‍സ് കാനോണുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിനിടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കരാറിന് അന്തിമരൂപം നല്‍കിയത്. അമേരിക്ക, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ നേരത്തേ തന്നെ സൈനികേതര ആണവക്കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.
എന്‍എസ്ജിയുടെ നിബന്ധനകള്‍ക്ക് വിധേയമായാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍ബറും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉദ്ദേശിക്കാത്ത ഉപയോഗങ്ങള്‍ക്കൊന്നും ആണവഇന്ധനം ഉപയോഗിക്കപ്പെടില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യക്കാവുമെന്ന് മന്‍മോഹന്‍ സിങ് അറിയിച്ചു.  വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ സഹകരണം ശക്തമാക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനമായി.
ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി 26നാണ് കാനഡയില്‍ എത്തിയത്. കേന്ദ്ര ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്‌സിങ് അലുവാലിയ, വിദേശകാര്യ സെക്രട്ടറി നിരുപമറാവു, ദേശരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍മേനോന്‍ എന്നിവരടങ്ങിയ ഉന്നതതല പ്രതിനിധി സംഘവും മന്‍മോഹന്‍സിങ്ങിനൊപ്പം ഉണ്ട്.



 

Read More

ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നു


ടൊറന്റോ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. കാനഡയില്‍ ജി- 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ക്ഷണിച്ചതനുസരിച്ചാണ് കാമറൂണ്‍ വരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് കാമറൂണ്‍ പ്രത്യാശിച്ചു. സാമ്പത്തികമാന്ദ്യത്തിനു ശേഷം രാജ്യാന്തരവിപണിയിലെ നേട്ടങ്ങള്‍ ഇരുരാജ്യങ്ങളുടെയും നിക്ഷേപസാധ്യതകള്‍ക്ക് അനുകൂലമാണെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.

 



 

Read More
JQuery Cycle Plugin - Example Slideshow