യുറേനിയം സന്പുഷ്ടീകരണം : ഇറാനുമായുള്ള ചര്‍ച്ച തുടങ്ങി


ഇസ്താംബുള്‍ : ആണവപദ്ധതികളുമായി ബന്ധപ്പെട്ട ആശങ്ക അകറ്റുന്നതിന് ഇറാനുമായുള്ള ആറു പാശ്ചാത്യരാജ്യങ്ങളുടെ ചര്‍ച്ച ഇസ്താംബുളില്‍ ആരംഭിച്ചു. ഇറാന്‍റെ ആണവപദ്ധതി സമാധാനത്തിനുവേണ്ടി ഉപയോഗിക്കുമെന്നു ഉറപ്പുവരുത്തുന്നതിനാണ് ചര്‍ച്ച. യുഎസ്, ഫ്രാന്‍സ്, റഷ്യ, ചൈന, ഇംഗ്ലണ്ട്, ജര്‍മനി, ടെഹ്റാന്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

 

ആയുധങ്ങള്‍ ഉണ്ടാക്കുന്നതിനാവശ്യമായ തോതില്‍ യുറേനിയം സന്പുഷ്ടീകരിക്കുന്നത് ഒഴിവാക്കുന്നതിനുള്ള സമവായം ചര്‍ച്ചയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇറാന്‍റെ ഭാഗത്തുനിന്നു വലിയ വാഗ്ദാനങ്ങള്‍ ലഭിക്കുമെന്നു തോന്നുന്നില്ലെന്ന്‌ യൂറോപ്യന്‍ യൂണിയന്‍ വക്താവ് പറഞ്ഞു. യുറേനിയം സന്പുഷ്ടീകരിക്കുന്നത് ഊര്‍ജാവശ്യങ്ങള്‍ക്കാണെന്ന നിലപാടിലാണ് ഇറാന്‍ .

Read More

മ്യാന്‍മറിനെതിരായ ഉപരോധം പിന്‍വലിക്കണമെന്നു കാമറോണ്‍


യാംഗോണ്‍ : മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മ്യാന്‍മാറിനെതിരേ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്നു രാജ്യാന്തര സമൂഹത്തോടു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ആഹ്വാനം. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ മ്യാന്‍മര്‍ തലസ്ഥാനമായ യാംഗോണിലെത്തിയ കാമറോണ്‍ ജനാധിപത്യനേതാവ് ആംഗ് സാന്‍ സ്യൂകിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കാമറോണിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്ത സ്യൂകി, ഉപരോധം പിന്‍വലിക്കുന്നതു രാജ്യത്തെ ജനാധിപത്യ പരിഷ്‌കരണങ്ങളെ ശക്തിപ്പെടുത്തുമെന്നു വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിനായി ദാഹിക്കുന്ന ജനങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണു സ്യൂകിയെന്നും ലോകമെങ്ങുമുള്ള ജനങ്ങള്‍ക്ക് അവര്‍ പ്രചോദനമാണെന്നും കാമറോണ്‍ പറഞ്ഞു. സ്യൂകിയെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനായി കാമറോണ്‍ ക്ഷണിച്ചു.

സ്യൂകി 15 വര്‍ഷത്തോളം വീട്ടുതടങ്കലില്‍ കഴിഞ്ഞ യാംഗോണിനടുത്ത നെയ്പിതാവിലെ തടാകതീരത്തുള്ള വീട്ടിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

ജനാധിപത്യത്തിലേക്കു മടങ്ങുന്നുവെന്നതിന്റെ സൂചനയെന്നോണം അടുത്തയിടെ പാര്‍ലമെന്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജയകരമായി നടക്കുകയും സ്യൂകിയുടെ പാര്‍ട്ടിയുടെ വിജയം സൈനിക നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തതോടെ മ്യാന്‍മറിനെതിരായ ഉപരോധം പിന്‍വലിക്കുമെന്ന് അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ സൂചന നല്കിയിരുന്നു. കാമറോണിന്റെ പരസ്യആഹ്വാനംകൂടി വന്നതോടെ ഉടന്‍തന്നെ ഉപരോധം പിന്‍വലിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയും മൂന്നു പതിറ്റാണ്ടായി രാജ്യത്തെത്തുന്ന ആദ്യ പാശ്ചാത്യനേതാവുമാണു കാമറോണ്‍. കാമറോണിനൊപ്പം ബ്രിട്ടനില്‍നിന്നുള്ള വ്യവസായ, വാണിജ്യ പ്രതിനിധിസംഘവും മ്യാന്‍മറിലെത്തിയിട്ടുണ്ട്. രാജ്യത്തെ സാധ്യതകള്‍ പരമാവധി മുതലെടുക്കുകയെന്ന ദൗത്യവും സന്ദര്‍ശനലക്ഷ്യങ്ങളില്‍പ്പെടുന്നു.

നേരത്തെ യാംഗോണില്‍ പ്രസിഡന്റ് തെയിന്‍ സെയിനുമായും മന്ത്രിമാരുമായും കാമറോണ്‍ ചര്‍ച്ച നടത്തി. ജനാധിപത്യപരിഷ്‌കാരങ്ങളില്‍നിന്ന് ഇനി പിന്നോട്ടുപോകാനാവില്ലെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ പ്രകടിപ്പിക്കണമെന്നു കൂടിക്കാഴ്ചയില്‍ കാമറോണ്‍ ആവശ്യപ്പെട്ടു.

അതേസമയം, മ്യാന്‍മറിനെതിരായ നയം സംബന്ധിച്ചു പുനരാലോചന നടത്തുന്നതിനായി യൂറോപ്യന്‍രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ ഈമാസം 23നു ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍ ഉപരോധം പിന്‍വലിക്കുന്നതിനെക്കുറിച്ചും തീരുമാനമുണ്ടാകും.

കഴിഞ്ഞ അര നൂറ്റാണ്ടായി സൈനികഭരണത്തിലാണു മ്യാന്‍മര്‍. സ്യൂകിയടക്കമുള്ള ജനാധിപത്യവാദികളെ തുറുങ്കിലടച്ചും അടിച്ചമര്‍ത്തിയുമായിരുന്നു സൈനിക ഭരണകൂടമായ ജുന്ത സമഗ്രാധിപത്യം തുടര്‍ന്നുവന്നത്. ഇതേത്തുടര്‍ന്നാണു യൂറോപ്യന്‍യൂണിയനും അമേരിക്കയും ഇതര രാജ്യങ്ങളും മ്യാന്‍മറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇതാദ്യമായി 2010ലാണ് മ്യാന്‍മറില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നത്. സൈനികപിന്തുണയുള്ള സര്‍ക്കാരാണ് അധികാരത്തിലേറിയതെങ്കിലും ജനാധിപത്യത്തിലേക്കുള്ള ചുവടുവയ്പായിരുന്നു ഇത്. തുടര്‍ന്നു നൂറുകണക്കിനു രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു. വൈകാതെ സ്യൂകിയേയും മോചിപ്പിക്കുകയും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്കുകയും ചെയ്തു.

Read More
JQuery Cycle Plugin - Example Slideshow