തെലുങ്ക് സാഹിത്യകാരന്‍ റാവൂരി ഭരദ്വാജയ്ക്ക് ജ്ഞാനപീഠം
ന്യൂഡല്‍ഹി: 2012-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് തെലുങ്ക് സാഹിത്യകാരന്‍ റാവൂരി ഭരദ്വാജ അര്‍ഹനായി. സവിശേഷമായ രചനാവൈഭവംകൊണ്ട് തെലുങ്കുസാഹിത്യരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച റാവൂരി, നോവലിസ്റ്റും ചെറുകഥാകൃത്തും കവിയും നാടകകൃത്തും വിമര്‍ശകനുമാണ്.
7 ചെറുകഥാസമാഹാരങ്ങളും 17 നോവലുകളും നാലു നാടകങ്ങളും അഞ്ചു റേഡിയോ നാടകങ്ങളും ഭരദ്വാജ രചിച്ചിട്ടുണ്ട്. 83 വയസുകാരനായ അദ്ദേഹം ബാലസാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
പകുഡു റല്ലു എന്ന നോലിനാണ് ജ്ഞാനപീഠം അവാര്‍ഡ്. അദ്ദേഹത്തിന്റെ രചകളില്‍ ഏറ്റവും ശ്രദ്ധേയമാണിത്. സിനിമാ വ്യവസായത്തിലെ സ്‌ക്രീനിനു പിന്നിലെ കാഴ്ചകളാണ് നോവലിന്റെ പ്രമേയം. ജ്ഞാനപീഠം അവാര്‍ഡ് ലഭിക്കുന്ന മൂന്നാമത്തെ തെലുങ്ക് സാഹിത്യകാരനാണ് ഭരദ്വാജ. വിശ്വനാഥ സത്യനാരായണയും സി. നാരായണ റെഡ്ഡിയുമാണ് മുന്‍ഗാമികള്‍.ജീവനസമരം, കാദംബരി, കൗമുദി, ഇന്‍പു തേര വേണുക തുടങ്ങിയവയാണ് ശ്രദ്ധേയകൃതികള്‍. മിക്കകൃതികളും ഇംഗ്ലീഷിലേക്കും ഇന്ത്യന്‍ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ലോക്‌നായക് ഫൗണ്ടേഷന്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്, തെലുങ്ക് അക്കാദമി അവാര്‍ഡ്, ബാലസാഹിത്യ പരിഷത് അവാര്‍ഡ്, രാജാലക്ഷ്മി സാഹിത്യപുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചു.
2013 തെലുങ്കുവര്‍ഷമായി ആചരിക്കുമ്പോള്‍ പ്രഖ്യാപിച്ച പരമോന്നത അവാര്‍ഡ് തെലുങ്ക്ഭാഷയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി പ്രതികരിച്ചു.
2011-ലെ ജ്ഞാനപീഠ പുരസ്‌കാരം ഒറിയ സാഹിത്യകാരി പ്രതിഭാറായിക്കായിരുന്നു.