ആദ്യ സ്മാര്‍ട്ട് ഫോണ്‍ സാറ്റ് ആയ സ്ട്രാന്‍ഡ് 1 ബഹിരാകാശത്ത്
ഇന്ത്യ വിജയകരമായി വിക്ഷേപിച്ച പിഎസ്എല്‍വി സി-20 റോക്കറ്റ് ആദ്യ സ്മാര്‍ട്ട് ഫോണ്‍ സാറ്റ് ആയ സ്ട്രാന്‍ഡ് 1 ബഹിരാകാശത്തെത്തിച്ചു.
സമുദ്രഗവേഷണവും സമുദ്രാധിഷ്ഠിത കാലാവസ്ഥാ നിരീക്ഷണവും കൂടുതല്‍ കാര്യക്ഷമവും കൃത്യവുമാക്കാന്‍ ലക്ഷ്യമിട്ടുള്ള സരള്‍ ഉപഗ്രഹമുള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി സി-20 പറന്നുയര്‍ന്നത്. ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.
ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും സംയുക്ത സംരഭമായ 410 കിലോ ഭാരമുള്ള സരള്‍, ഓസ്ട്രിയയുടെ യൂനിബ്രൈറ്റ്, ബ്രൈറ്റ്, ഡെന്മാര്ക്കിന്റെ എഎയു സാറ്റ്-3, ബ്രിട്ടന്റെ സ്ട്രാന്റ്, കാനഡയുടെ മിനി സാറ്റലൈറ്റ് സഫയര്‍, മൈക്രോസാറ്റലൈറ്റ് നിയോസാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കുക.
ഒരു ഗൂഗിള്‍ നെക്സസ് വണ്‍ (Google Nexus One) ആന്‍ഡ്രോയ്ഡ് ഫോണാണ് സ്ട്രാന്‍ഡ് -1 ന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. ലിനക്സ് അധിഷ്ഠിത അതിവേഗ പ്രൊസസര്‍ കരുത്തു പകരുന്ന സ്മാര്‍ട്ട്ഫോണ്‍ ആണത്.
ഭ്രമണപഥത്തില്‍ ആറുമാസം സഞ്ചരിച്ച് വിവിധ പരീക്ഷണങ്ങള്‍ നടത്താന്‍ സ്ട്രാന്‍ഡ് - 1 നാകും. അതിനുവേണ്ട ആപ്ലിക്കേഷനുകളും ഫോണിലുണ്ട്. ഫോണിലുള്ള 'ഐടെസ' (iTesa) എന്ന ആപ്ലിക്കേഷന്‍, ഭ്രമണപഥത്തില്‍ സഞ്ചരിക്കുമ്പോള്‍ ഫോണിന് ചുറ്റുമുണ്ടാകുന്ന കാന്തികമണ്ഡലത്തിന്റെ ശക്തി രേഖപ്പെടുത്താനാകും.
'360 ആപ്' (360 app) എന്ന ആപ്ലിക്കേഷനുപയോഗിച്ച്, ഫോണിലെ അഞ്ച് മെഗാപിക്സല്‍ ക്യാമറ വഴി ചിത്രങ്ങളെടുക്കാം.
സറേ സര്‍വകലാശാലയിലെ സ്പേസ് സെന്റര്‍, സറേ സാറ്റ്ലൈറ്റ് ടെക്നോളജി എന്നിവ ചേര്‍ന്നാണ് സ്ട്രാന്‍ഡ്-1 വികസിപ്പിച്ചത്. 4.3 കിലോഗ്രാം ഭാരമുള്ള അതിന് 10 സെന്റീമീറ്റര്‍ വിതിയും 30 സെന്റീമീറ്റര്‍ നീളവുമുണ്ട്.