കണ്ടല്‍പാര്‍ക്ക് നിര്‍മിച്ചത് നിയമം ലംഘിച്ചെന്ന് വിദഗ്ധ സമിതി
കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ വിവാദ കണ്ടല്‍പാര്‍ക്ക് തീരദേശ നിയമം ലംഘിച്ചതായി വിദഗ്ധ സമിതി കണ്ടെത്തി. പാര്‍ക്ക് നിര്‍മ്മാണത്തിനായി മൂന്ന് ഏക്കര്‍ സ്വാഭാവിക കണ്ടല്‍ നശിപ്പിച്ചതായും സമിതി കണ്ടെത്തിയിട്ടുണ്ട്.
കേരള തീരദേശ മേഖലാ മാനേജ്‌മെന്റ് അതോറിട്ടി അംഗം ഡോ. ബി. മധുസൂദന കുറുപ്പ്, തിരുവനന്തപുരം സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (സെസ്സ്) ശാസ്ത്രജ്ഞന്മാരായ ഡോ. കെ.വി. തോമസ്, ഡോ. സി.എന്‍. മോഹനന്‍, കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ജോയിന്റ് ഡയറക്ടര്‍ ഡോ. കമലാക്ഷന്‍ കോക്കല്‍, ഇവിടത്തെ തന്നെ ശാസ്ത്രജ്ഞന്‍ ഡോ. പി. ഹരിനാരായണന്‍, കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിലെ ശാസ്ത്രജ്ഞന്‍ ഡോ. സി. സുഷാന്ത്, വനം വകുപ്പിന്റെ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ രണ്ട് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട്. തീംപാര്‍ക്ക് തയ്യാറാക്കുന്ന രീതിയിലുള്ള നിര്‍മ്മാണമാണ് പാര്‍ക്കില്‍ നടത്തിയിരിക്കുന്നതെന്നും സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. പാര്‍ക്കിലെ ഓരുവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിലാണ് നിര്‍മ്മാണം. സമിതി ഈമാസം 27ന് പാര്‍ക്കില്‍ വീണ്ടും സന്ദര്‍ശനം നടത്തും. ഇതിനുശേഷമായിരിക്കും കേന്ദ്രസര്‍ക്കാരിന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുക.