|
ജിമ്മി ജോര്‍ജ്
ലോകകായികരംഗത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന വോളിബോള്‍താരം ജിമ്മി ജോര്‍ജ് വിടപറഞ്ഞിട്ട് നവംബര്‍ 30-ന് 25 വര്‍ഷം. 1987 നാണ് ഇറ്റലിയിലെ യൂറോസ്‌റ്റൈല്‍ യൂറോസിയ ക്ലബിലെ പതിവുപരിശീലനത്തിനുശേഷം രണ്ടു കളിക്കാ രോടൊപ്പം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴുണ്ടായ അപകടത്തില്‍ അദ്ദേഹം മരിച്ചത്.
1980 കളില്‍ ലോകത്തിലെ 10 മികച്ച വോളിബോള്‍ അറ്റാക്കര്‍മാരില്‍ ഒരാളായിരുന്നു ജിമ്മി. ഒരു വിദേശ ക്ലബിനുവേണ്ടി കളിച്ച ഏക ഇന്ത്യന്‍ വോളിബോള്‍ കളിക്കാരനും അദ്ദേഹംതന്നെ. 1955 മാര്‍ച്ച് എട്ടിന് കണ്ണൂരിലെ പേരാവൂര്‍ ഗ്രാമത്തില്‍ ജോര്‍ജിന്റേയും മേരിയുടേയും മകനായി ജനിച്ച ജിമ്മി ഇന്ത്യയുടെ ആദ്യത്തെ പ്രഫഷണല്‍ വോളീബോള്‍ താരമായി. 1986 ലെ ഏഷ്യാഡില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അദേഹം. ഇന്ത്യയിലെ ഒരു സ്‌പോര്‍ട്‌സ് താരത്തിനു ലഭിക്കുന്ന എല്ലാ പ്രധാന ബഹുമതികളും ജിമ്മി ജോര്‍ജിനു ലഭിച്ചു. അര്‍ജുന അവാര്‍ഡും ഇതില്‍ ഉള്‍പ്പെടും. 21-ാം വയസ്സില്‍ അര്‍ജുന അവാര്‍ഡ് നേടുമ്പോള്‍ ഈ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വോളീബോള്‍ താരമായിരുന്നു ജിമ്മി. 1979-82 കാലഘട്ടത്തില്‍ അബുദാബി സ്‌പോര്‍ട്‌സ് ക്ലബ്ബിനു വേണ്ടി കളിക്കുമ്പോള്‍ ഗള്‍ഫിലെ ഏറ്റവും മികച്ച കളിക്കാരനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1982 മുതല്‍ 84 വരെയും 85 മുതല്‍ 87 വരെയും ഇറ്റലിയിലെ പ്രൊഫഷണല്‍ ക്ലബ്ബുകള്‍ക്കുവേണ്ടി ജിമ്മി ജോര്‍ജ് കളിച്ചു. ഇറ്റലിക്കാര്‍ ജിമ്മിയോടുള്ള സ്‌നേഹത്താല്‍ അദേഹത്തിന്റെ പേരില്‍ ഒരു ഇന്‍ഡോര്‍ സ്‌റ്റേഡിയവും ഇറ്റലിയില്‍ സ്ഥാപിച്ചു.
ഇന്ത്യയുടെ ദേശീയ ടീമില്‍ അംഗമായിരുന്ന ജിമ്മി ജോര്‍ജ് വിവിധ ഏഷ്യന്‍ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടു ണ്ട്. 1986-ലെ ഏഷ്യാഡില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അദ്ദേഹം അംഗമായിരുന്നു.
1975-ല്‍ ജി.വിരാജ അവാര്‍ഡ് ലഭിച്ചു.
Read More
പി.ഗോവിന്ദപ്പിള്ള (1926 - 2012)
മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക രംഗത്തെ ഒരു ആചാര്യനെയാണ് പി.ജിയുടെ നിര്യാണത്തോടെ കേരളത്തിന് നഷ്ടമായിരിക്കുന്നത്.
പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ 1926 മാര്‍ച്ച് 25 ന് പരമേശ്വരന്‍ പിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ച പിജി യാഥാസ്ഥിതിക ചുറ്റുപാടിലായിരുന്നു ബാല്യകാലം ചെലവിട്ടത്. 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു. പി.കെ വാസുദേവന്‍ നായര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരുമായുള്ള സൗഹൃദമാണ് ആശയങ്ങളുടെ ലോകത്ത് വേറിട്ടൊരു ചിന്തയ്ക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
യൗവ്വനാരംഭത്തില്‍ ആഗമാനന്ദസ്വാമികളുടെ ശിഷ്യനായി കാലടി ശങ്കരാശ്രമത്തില്‍ കഴിഞ്ഞ അദ്ദേഹം പോരാട്ടവഴിയിലൂടെ കമ്മ്യൂണിസ്റ്റായി. പാര്‍ട്ടിയുടെ സൈദ്ധാന്തികരില്‍ പ്രമുഖനായി. പി.ജി. എന്ന ചുരുക്കപ്പേരില്‍ രാഷ്ട്രീയത്തിലും വൈജ്ഞാനികമണ്ഡലത്തിലും നിറഞ്ഞുനിന്നു. അടുത്തിടെ പ്രസിദ്ധീകരിച്ച 'വൈജ്ഞാനിക വിപ്ലവം - ഒരു സാംസ്‌കാരികചരിത്രം' ഉള്‍പ്പെടെ ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചു.
പി.ജി. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എ. ഓണേഴ്‌സ് നേടിയത്. ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ തല്പരനായി. ഗാന്ധിയന്‍ രാഷ്ട്രീയത്തോടായിരുന്നു പ്രതിപത്തി. ബി.എ. പഠനകാലത്തിനിടയ്ക്ക് പോലീസിനെ ആക്രമിച്ച കേസില്‍ ജയിലിലായി. ഒന്നരവര്‍ഷം പുണെ യര്‍വാദാ ജയിലില്‍ കിടന്നു. 1951ല്‍ ജയില്‍മോചിതനായി തിരിച്ച് കേരളത്തിലെത്തിയ പി.ജി.
25-ാം വയസ്സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തിരു-കൊച്ചി നിയമസഭാംഗമായി. അടുത്തവര്‍ഷം സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം. 1954-55ല്‍ ഡല്‍ഹിയില്‍ 'ന്യൂ ഏജില്‍' പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പി.ജി.യെ കേന്ദ്രകമ്മിറ്റിയുടെ കീഴിലേക്ക് അയച്ചു.
1957-59ലും 1967-69ലും പെരുമ്പാവൂരില്‍ നിന്ന് കേരളനിയമസഭാംഗമായിരുന്നു പി. ഗോവിന്ദപിള്ള. 1965ല്‍ തടങ്കലിലായിരുന്ന അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചുവെങ്കിലും ആ നിയമസഭ ചേരുകയുണ്ടായില്ല. 1953ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി.
പാര്‍ട്ടിയുടെ ആശയപ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 1964ല്‍ ദേശാഭിമാനി പത്രത്തിന്റെയും വാരികയുടെയും എഡിറ്ററായി. 1982 വരെ ഈ സ്ഥാനം തുടര്‍ന്നു.1998ല്‍ പി.ജി., എ.സി. ജോസിനെതിരെ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും 8949 വോട്ടുകള്‍ക്ക് തോറ്റു. 1987ല്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായ പി.ജി. സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്)യുടെ സ്ഥാപക ഡയറക്ടറാണ്. ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു.
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. കോഴിക്കോട് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം, പുരോഗമന കലാസാഹിത്യസംഘം സ്ഥാപകാംഗം, കേന്ദ്രസാഹിത്യ അക്കാദമി അംഗം, 'ഇപ്റ്റ' സംസ്ഥാന വൈസ് പ്രസിഡന്റ്, കൈരളി, ജനശക്തി ഫിലിം സൊസൈറ്റിയില്‍ സ്ഥാപകാംഗം എന്നീ നിലകളില്‍ വിവിധ മേഖലകളില്‍ പി.ജി. വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വീര ചരിതയായ വിയറ്റ്നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പ്രധാന കൃതികള്‍. നിരവധി കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അദ്ദേഹം ഇ എം എസ് സമ്പൂര്‍ണ കൃതികളുടെ എഡിറ്റാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ശങ്കരനാരായണന്‍തമ്പി പുരസ്കാരം, പ്രസ് അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Read More
കെ. ജയകുമാര്‍
മൂന്നര പതിറ്റാണ്ടുകാലത്തെ ഐ.എ.എസ് ഉദ്യോഗത്തില്‍ നിന്ന് ബുധനാഴ്ച വിരമിക്കുന്ന കെ.ജയകുമാര്‍ നവംബര്‍ ഒന്നിന് മലയാള സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കും.
കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്ന ഐ.എ.എസ്.ഉദ്യോഗസ്ഥന്‍ കൂടിയാണ് കെ.ജയകുമാര്‍.
പ്രശസ്ത ചലച്ചിത്ര സംവിധായകനായ എം.കൃ.ഷ്ണന്‍ നായരുടെയും സുലോചനയുടെയും മകനായി 1952 ഒക്‌ടോബര്‍ 6ന് തിരുവനന്തപുരപത്ത് ജനിച്ചു.
കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1978-ല്‍ ഐ.എ.എസ് നേടി. അസിസ്റ്റന്റ് കലക്ടറായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുകയും ജില്ലാ കലക്ടര്‍, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍, വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളില്‍ സേവമനുഷ്ഠിച്ചിക്കുകയും ചെയ്തു. കേരള സംസ്ഥാന വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍, മഹാത്മാഗാന്ധി സര്‍ര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.
2002 മുതല്‍ 2007വരെയുള്ള കാലത്ത് കേന്ദ്ര സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്നു. 2012 മാര്‍ച്ച് 31-ന് കേരളത്തിന്റെ മുപ്പത്തിയാറാമത് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു.
കലാജീവിതം
കവിതാ സമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്‍ദ്ധവൃത്തങ്ങള്‍, രാത്രിയുടെ സാധ്യതകള്‍ തുടങ്ങിയവ കവിതാസമാഹാരങ്ങളാണ്. ടാഗോറിന്റെ ഗീതാഞ്ജലി, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍ എന്നീ പ്രശസ്തകൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
പുരസ്‌കാരങ്ങള്‍
ഏഷ്യാനെറ്റ് അവാര്‍ഡ് - മികച്ച ഗാനരചയിതാവ്
ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ് - മികച്ച ഗാന രചയിതാവ്
മഹാകവി കുട്ടമത്ത് പുരസ്‌കാരം - അര്‍ദ്ധവൃത്തങ്ങള്‍
കെ.പി.എസ് മേനോന്‍ പുരസ്‌കാരം - പൊതുജീവിതത്തിലെ മികവിന്
കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്‌കാരം
Read More
കാക്കനാടന്‍
1935 ഏപ്രില്‍ 23ന് തിരുവല്ലയില്‍ ആണ് ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ എന്ന കാക്കനാടന്‍ ജനിച്ചത്. 2011 ഒക്‌ടോബര്‍ 19ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നേവലുകള്‍ മലയാളത്തിലെ അസ്തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കണക്കാക്കപ്പെടുന്നു.
നോവലുകളും ചെറുകഥാസമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാല്പതിലധികം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഓണപ്പുടവ, പറങ്കിമല എന്നീ അദ്ദേഹത്തിന്റെ നോവലുകള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്.
1981-84-ല്‍ സാഹിത്യ അക്കാദമി അംഗവും 1988-91-ല്‍ നിര്‍വാഹക സമിതി അംഗവും ആയി സേവനം അനുഷ്ഠിച്ചിരുന്നു.
സാക്ഷി, എഴാംമുദ്ര, വസൂരി, ഇന്നലയുടെ നിഴല്‍, അടിയറവ്, തുലാവര്‍ഷം, അഭിമന്യു, വേരുകള്‍ ഇല്ലാത്തവര്‍, ഒറോത, രണ്ടാം പിറവി തുടങ്ങിയവ പ്രശസ്തങ്ങളായ നോവലുകളാണ്.
കച്ചവടം, യുദ്ധാവസാനം, പുറത്തേയ്ക്കുള്ള വഴി, അശ്വത്ഥാമാവിന്റെ ചിരി, ജാപ്പാണപ്പുകയില, കാക്കനാടന്റെ കഥകള്‍ എന്നിവ അദ്ദേഹത്തിന്റെ ചെറുകഥകളാണ്.
കുടജാദ്രിയുടെ സംഗീതം, കുളിര്, വേനല്‍മഴ എന്നിവ യാത്രാക്കുറിപ്പുകള്‍ ആണ്.
പുരസ്‌കാരങ്ങള്‍
കേരളസാഹിത്യ അക്കാദമി അവാര്‍ഡ്(1980- അശ്വത്ഥാത്മാവിന്റ ചിരി)
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1984- ഒറോത)
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് (2005- ജാപ്പാണപ്പുകയില)
മുട്ടത്തുവര്‍ക്കി അവാര്‍ഡ്( 1996- ഉഷ്ണമേഖല)
ബാലാമണി അമ്മ പുരസ്‌കാരം(2008)
വിശ്വദീപം അവാര്‍ഡ്
പത്മപ്രഭാ പുരസ്‌കാരം
Read More
സി.വി.ശ്രീരാമന്‍
മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സി.വി.ശ്രീരാമന്‍(1931 ഫെബ്രുവരി 7- 2007 ഒക്‌ടോബര്‍ 10)
1988 മുതല്‍ 1991 വരെ കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് സമിതി അംഗവും വൈസ് പ്രസിഡന്റുമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചു. 1983-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു
അനായാസേന മരണം, റയില്‍വെ പാളങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ കഥകളാണ്. വാസ്തുഹാര(ചെറുകഥ), ക്ഷുരസ്യധാര, ദു:ഖിതരുടെ ദു:ഖം, പുറം കാഴ്ചകള്‍, ചിദംബരം, പുതുമയില്ലാത്തവരുടെ നഗരം, വെളുത്ത പക്ഷിയെക്കാത്ത്, ശ്രീരാമന്റെ കഥകള്‍(ചെറുകഥാ സമാഹാരം), ഇഷ്ടദാനം എന്നിവയാണ് മറ്റ് കൃതികള്‍.
പുരസ്‌കാരങ്ങള്‍
അബുദാബി ശക്തി അവാര്‍ഡ് - വാസ്തുഹാര
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് (1999) - ശ്രീരാമന്റെ കഥകള്‍
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് (മികച്ച സിനിമ - വാസ്തുഹാര)
രാഷ്ട്രപതിയുടെ സുവര്‍ണ മയൂരം - ചിദംബരം എന്ന സിനിമയ്ക്ക്
സി.വി. ശ്രീരാമന്റെ പല കഥകളും ശ്രീലങ്കയും കൊല്‍ക്കത്തയും ആന്തമാനും തമിഴ്‌നാടും പശ്ച്ചാത്തലമായുള്ളതാണ്. ഇംഗ്ലീഷിലും ജര്‍മനിയിലും നിരവധി ഇന്ത്യന്‍ ഭാഷകളിലും അദ്ദേഹത്തിന്റെ രചനകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Read More
|
|
|
JQuery Cycle Plugin - Example Slideshow
|
|
 |
|
|