ഗൂഗിള്‍, സ്‌കൈപ് മെസേജ് സംവിധാനത്തിനും വിലക്ക് ഏര്‍പ്പെടുത്തിയേക്കും

ന്യൂദല്‍ഹി: ഗൂഗിള്‍, സ്‌കൈപ് തുടങ്ങിയവയിലൂടെയുള്ള മെസേജിങ് സംവിധാനത്തിനും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ബ്ലാക്ബറി സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് പിന്നാലെയാണിത്.
വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ജൂലായ് 12 ന് നടന്ന ചര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ബ്ലാക്ക് ബെറി സേവനങ്ങള്‍ നല്‍കുന്ന റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) കമ്പനിയ്ക്ക് ആഗസ്റ്റ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇമെയിലുകളും മെസേജുകളും രഹസ്യകോഡിലേക്ക് മാറ്റുന്നത് ഉപഭോക്താക്കളുടെ പ്രത്യേക കീ ഉപയോഗിച്ചാണെന്നും കമ്പനിക്ക് പോലും അതറിയാന്‍ കഴിയില്ലെന്നുമാണ് റിം ഇന്ത്യന്‍ അധികൃതരെ അറിയിച്ചത്. എന്നാല്‍ സൗദി അറേബ്യയില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍ മെസേജുകള്‍ പരിശോധിക്കാന്‍ പ്രത്യേക സൗകര്യം കമ്പനി ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതും ഇന്ത്യന്‍ അധികൃതര്‍ പരിഗണിക്കുന്നുണ്ട്.
ബ്ലാക്ബറി, ഗൂഗിള്‍, സ്‌കൈപ്പ് തുടങ്ങിയവയിലൂടെയുള്ള ആശയവിനിമയം എങ്ങനെ നിരീക്ഷിക്കാം അല്ലെങ്കില്‍ തടസ്സപ്പെടുത്താമെന്നുള്ള ചര്‍ച്ചയാണ് യോഗത്തിലുണ്ടായത്. ഇതിന്റെ ആദ്യ ഘട്ടമായാണ് ബ്ലാക്ബറി സംവിധാനം നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. അടുത്ത ഘട്ടത്തില്‍ ഗൂഗിള്‍, സ്‌കൈപ്പ് മെസേജിങിന് മേലും പിടിമുറുകാനാണ് സാധ്യത.

 

Share |
More News In This Section
JQuery Cycle Plugin - Example Slideshow