അമേരിക്കന്‍ സ്വാതന്ത്ര്യ ദിനം

1776 ജൂലൈ 4-നാണ്  ബ്രിട്ടണില്‍ നിന്നും അമേരിക്കയുടെ 13 കോളനികള്‍ സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം കോണ്ടിനന്റല്‍ കോണ്‍ഗ്രസ് പാസാക്കിയത്. ലോകത്തിന്റെ ജനാധിപത്യ വല്‍ക്കരണത്തിനുള്ള നാഴികക്കല്ലായി മാറിയപ്രഖ്യാപനം നടത്തിയത് പില്‍ക്കാല പ്രസിഡന്റായ തോമസ് ജെഫോഴ്‌സണ്‍ ആയിരുന്നു. 56 പ്രതിനിധികള്‍ പ്രഖ്യാപനരേഖയില്‍ ഒപ്പിട്ടു.
പതിനേഴാം നൂറ്റാണ്ടില്‍ ഉത്തര അറ്റ്‌ലാന്റിക്കിലുള്ള 13 കോളനികള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. ഈ കോളനികള്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിതരാകാന്‍ നടത്തിയ വിപ്ലവ സമരങ്ങളാണ് അമേരിക്കന്‍ സ്വാതന്ത്ര്യ സമരം. സാമ്പത്തിക കാരണങ്ങളാണ് അമേരിക്കന്‍ വിപ്ലവത്തിലേയ്ക്ക് നയിച്ചത്. ബ്രിട്ടണില്‍ നിര്‍മിക്കാന്‍ കഴിയാത്ത സാധനങ്ങള്‍ കോളനിക്കാര്‍ നിര്‍മിച്ചു നല്‍കണം എന്ന വ്യവസ്ഥയ്‌ക്കെതിരെയാണ് കോളനികള്‍ മാതൃരാജ്യത്തിനെതിരെ പോരാട്ടം തുടങ്ങിയത്.
ഡെലാവര്‍, പെന്‍സില്‍ വാനിയ ,ന്യൂജഴ്‌സി, ജോര്‍ജിയ , കണക്ടികട്ട്, മസാച്ചു സെറ്റ്‌സ് ബേ, മേരീലാന്റ്, സൗത്ത് കരേലിന, ന്യൂഹാംപ്ഷയര്‍, വിര്‍ജീനിയ, ന്യുയോര്‍ക്ക്, നോര്‍ത് കരോലിന, റോഡ് ഐലന്റുംപ്രവിഡന്റ്‌സും എന്നിവയാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റായി ഒരുമിച്ച 13 കോളനികള്‍.
അമേരിക്കയുടെ ആദ്യ പ്രസിഡന്റായ ജോര്‍ജ് വാഷിംഗ്ടണ്‍ മുതല്‍ സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതിത്തയ്യാറാക്കിയ തോമസ് ജെഫോഴ്‌സണ്‍ വരെയുള്ള നിരവധി പ്രമുഖരുടെ ത്യാഗത്തിന്റെ ഫലമായാണ് അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായത്.
1767-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ ടൗണ്‍ഷെന്റ് നിയമത്തിലൂടെ കോളനികള്‍ ഇറക്കുമതി ചെയ്യുന്ന തേയില, കടലാസ്, കണ്ണാടി എന്നിവയുടെ മേല്‍ നികുതി ചുമത്തി. കോളനികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തേയിലയ്ക്കുമേലുള്ള നികുതിയൊഴികെ മറ്റെല്ലാം പിന്‍വലിച്ചു. ഇംഗ്ലീഷ് കപ്പലുകളില്‍ നിന്നും വന്നെത്തിയ തേയില കപ്പലില്‍ നിന്നിറക്കാന്‍ കോളനികള്‍ സമ്മതിച്ചില്ല. 1773-ല്‍ തേയിലയുമായി ഒരു ചരക്കുകപ്പല്‍ ബോസ്റ്റണ്‍ കടപ്പുറത്തെത്തി. റെഡ് ഇന്ത്യന്‍ തൊഴിലാളികള്‍ എന്ന പേരില്‍ കപ്പലില്‍ കയറിയ പ്രക്ഷോഭകാരികള്‍ തേയിലപ്പെട്ടികള്‍ കടലിലേയ്ക്ക് വലിച്ചെറിഞ്ഞു. ഈ സംഭവമാണ് ബോസ്റ്റണ്‍ ടീപാര്‍ടി എന്നറിയപ്പെടുന്നത്.

 

Share |
More News In This Section
JQuery Cycle Plugin - Example Slideshow