സരബ്ജിത് സിംഗിന്റെ മോചനം: പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി

ചണ്ഡിഗഢ്: പാക് ജയിലില്‍ കഴിയുന്ന സരബ്ജിത് സിംഗിന്റെ മോചനം ആവശ്യപ്പെട്ട് പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. ലാഹോര്‍ ജയിലില്‍ കഴിഞ്ഞ 20 വര്‍ഷമായി കഴിയുന്ന സരബ്ജിത് സിംഗിന്റെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സരബ്ജിത് സിംഗിനെ എത്രയും വേഗം മോചിപ്പിക്കുന്നത് പാക്കിസ്ഥാനും ഇന്ത്യയുമായുളള ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പറഞ്ഞു. ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ അദ്ദേഹം പ്രധാനമന്ത്രിയോടും വിദേശകാര്യമന്ത്രിയോടും അഭ്യര്‍ഥിച്ചു. 31 വര്‍ഷമായി പാക് ജയിലില്‍ കഴിഞ്ഞിരുന്ന മറ്റൊരു തടവുകാരനായ സുര്‍ജിത് സിംഗിനെ വിട്ടയച്ച നടപടിയെ പ്രമേയത്തില്‍ സ്വാഗതം ചെയ്തു.
21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്കാരനായ സരബ്ജിത് സിംഗ് ജയില്‍മോചിതനാകുമെന്ന വാര്‍ത്ത പാക് മാധ്യമങ്ങള്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം മോചനം  സരബ്ജിത് സിംഗിനല്ല സുര്‍ജിത്തിനാണെന്ന് പാക് ഭരണകൂടം തിരുത്തിയത് പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.
1990-ല്‍ പാക് പഞ്ചാബിലെ മുള്‍ട്ടാനിലും ലാഹോറിലുമായി 14 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ നാല്പത്തൊമ്പതുകാരനായ സരബ്ജിത് സിംഗിനെ പാക് പോലീസ് അറസ്റ്റ് ചെയ്തത്.

 

Share |
More News In This Section
JQuery Cycle Plugin - Example Slideshow